ഓയൂർ : മോഷണക്കേസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ കടന്നുകളഞ്ഞ പ്രതിയുടെ മകളും ഭർത്താവും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓയൂർ മീയന പുല്ലേരിയിൽ വീട്ടിൽ മുഹമ്മദ് റാഫിയാണ് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്. മുഹമ്മദ് റാഫിയുടെ മകൾ നെടുമൺകാവ് കരീപ്രയിൽ താമസിക്കുന്ന റാഫിന (19) ഭർത്താവ് അനന്തകൃഷ്ണൻ (25) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂയപ്പള്ളി സോണി ഹൗസിൽ സൂസൻ ജയിംസിന്റെ വീട് കുത്തിത്തുറന്ന് ഒരു പവന്റെ മാലയും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന തുണികളും എടിഎം കാർഡുകളും കവർന്നെടുത്ത കേസിലെ പ്രതിയാണ് റാഫി.
എടിഎം കൗണ്ടറിൽ നിന്നു കവർന്നെടുത്ത കാർഡ് ഉപയോഗിച്ചു 20000 രൂപയും മോഷ്ടിച്ചിരുന്നു. റാഫിയെ പൊലീസ് പിടികൂടിയെങ്കിലും കുതറിയോടി വിലങ്ങുമായി കടന്നുകളയുകയായിരുന്നു. റാഫി ഉപയോഗിക്കുന്ന ഫോണിൽനിന്ന് അനന്തകൃഷ്ണന്റെ ഫോണിലേക്ക് പല തവണ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് അനന്തകൃഷ്ണനെ പൂയപ്പള്ളി പൊലീസ് കൂട്ടിക്കൊണ്ട് വരികയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് ഭാര്യ റാഫിനയും ബന്ധുക്കളും സ്റ്റേഷനിലെത്തി. അനന്തകൃഷ്ണനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
റാഫിനയാണ് റാഫിയെ വിളിച്ചതെന്ന് സൂചന ലഭിച്ചതോടെ സംശയ നിവാരണത്തിന് ഇരുവരും ഇന്നലെ രാവിലെ 10ന് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ട് വിട്ടയച്ചു. ഇതിനു ശേഷമാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ഇരുവരെയും ഞരമ്പുകൾ മുറിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു. അയൽവാസികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. റാഫിനയെ തിരുവനന്തപുരം എസ്എടിയിലും അനന്തകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോഷണക്കേസിലെ പ്രധാന പ്രതിയായ റാഫി പൊലീസിനെ ആക്രമിച്ച് കടന്ന കേസിൽ ഭാര്യ സബീല, മക്കളായ നൗഫൽ, ഇബാൻ എന്നിവർ റിമാൻഡിലാണ്.
Leave a Comment