വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടും; അഞ്ച് ജില്ലകളില്‍ രോഗവ്യാപനം അതിരൂക്ഷം

തിരുവനന്തപുരം: അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്‌. ലക്ഷണമുള്ള എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്നാണ് നിര്‍ദ്ദേശം. വരുന്ന ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരളത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച് അഞ്ച്മാസം കഴിഞ്ഞാണ് ആകെ രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിദിന കണക്ക് ഇനിയും ഗണ്യമായി വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് വ്യാപനം അടിസ്ഥാനമാക്കി തയാറാക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ വിവിധ സൂചികകള്‍ പ്രകാരം ഈ അഞ്ച് ജില്ലകളിലെ സ്ഥിതി രൂക്ഷമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പരിശോധയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുത്തനെ കൂടി. കോഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.4 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ ആഴ്ച ഇത് 9.1 ശതമാനം ആയി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിന്റെ എണ്ണവും കൂടി. കഴിഞ്ഞ ആഴ്ച 91 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും രോഗലക്ഷണമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ലക്ഷണമുള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും പി സി ആര്‍ പരിശോധന ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

pathram:
Related Post
Leave a Comment