അതിർത്തിയിൽ ഇന്ത്യയുമായി സംഘർഷം തുടരുന്ന ചൈന നിരവധി സൈനികരെയാണ് എൽഎസിയിൽ വിന്യസിച്ചിരിക്കുന്നത്. ഇതിനിടെ ലഡാക്ക് അതിർത്തിയിലേക്കുള്ള യാത്രയിൽ ചൈനീസ് ലിബറേഷൻ ആര്‍മിയുടെ സൈനികർ പൊട്ടിക്കരയുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അതിർത്തിയിലെ പ്രതിരോധശേഷിയിൽ ഇന്ത്യൻ സംഘവുമായി പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് ചൈനീസ് സൈനികർക്ക് കൃത്യമായി അറിയാം. ഇതോടൊപ്പം പ്രദേശത്തെ കാലാവസ്ഥയും വലിയ വെല്ലുവിളിയാണ്. കഠിനമായ ശൈത്യകാലം അടുക്കുമ്പോൾ ലഡാക്കിൽ പോകുന്നത് ദുരിതമാകുമെന്നതും ചൈനീസ് സൈനികർക്ക് അറിയാം.
യഥാർഥ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ലംഘിച്ച് പിഎൽഎ സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതിനെത്തുടർന്ന് ഏപ്രിൽ മുതൽ ഇന്ത്യയും ചൈനയും വലിയ സംഘർഷത്തിന്റെ വക്കിലാണ്. ഇന്ത്യയുടെ ശക്തമായ നീക്കത്തിൽ ഭയന്ന് ചൈന അതിവേഗമാണ് സൈന്യത്തെ വിന്യസിക്കുന്നത്. എന്നാൽ, അടുത്തിടെ സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഒരു വിഡിയോ സൂചിപ്പിക്കുന്നത്, ലഡാക്കിലേക്ക് അയയ്ക്കുന്ന പിഎൽഎ സൈനികർ അവരുടെ സർക്കാരിന്റെ നീക്കത്തിൽ സന്തുഷ്ടരല്ല എന്നാണ്.
ഇന്ത്യ-ചൈന അതിർത്തിയിലേക്ക് പോകുമ്പോൾ ഒരു കൂട്ടം യുവ പിഎൽഎ സൈനികർ ദുഃഖത്തോടെ ഇരിക്കുന്നതായാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ഹാസ്യനടൻ സൈദ് ഹമീദ് സെപ്റ്റംബർ 20 ന് ഫെയ്സ്ബുക്കിലാണ് ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിൽ ലഡാക്കിലേക്ക് മാറ്റുന്നതിനിടെ നിരവധി സൈനികർ ബസിലിരുന്ന് കരയുന്നതായി കണ്ടു.
വിഡിയോ ശരിയാണെന്ന് സാധൂകരിക്കുന്നതിനായി, ചൈനീസ് ട്വിറ്റർ ഉപയോക്താവ് ‘@ വെയ്‌ൻസീൻ’ ഹാൻഡിൽ ഇതേ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വീണ്ടും പോസ്റ്റുചെയ്‌തിരുന്നു. ഇതിനിടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികർ കരയുന്ന വിഡിയോ തായ്‌വാൻ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
വിഡിയോയിൽ കാണുന്ന, ലഡാക്കിലേക്കുള്ള പുതിയ സൈനികർ കോളേജ് വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്. അവരിൽ അഞ്ചുപേരും ഈ വർഷം ജൂണിൽ രക്തരൂക്ഷിതമായ ഗാൽവാൻ വാലി ഏറ്റുമുട്ടൽ നടന്ന ലഡാക്ക് പ്രദേശത്തിന്റെ അതിർത്തിയായ ടിബറ്റിൽ സേവനമനുഷ്ഠിക്കാൻ നിയോഗിച്ചിവരാണെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Comment