സി- ആപ്റ്റിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി

യുഎഇ കോൺസുലേറ്റിൽനിന്ന് എത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സിആപ്റ്റിൽ (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്) പരിശോധന നടത്തുന്നു. കൊച്ചി യൂണിറ്റിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്.

സിആപ്റ്റ് എംഡിയിൽനിന്നും ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സിആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സിആപ്റ്റ്.

pathram:
Related Post
Leave a Comment