മുന്‍ കാമുകിയെ കൊന്ന് കഷണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ തിന്നു

വാഷിങ്ടണ്‍ : ആറ് വര്‍ഷം മുമ്പ് യു.എസിനെ നടുക്കിയ അരുംകൊലയില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. മുന്‍ കാമുകിയെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്ത ജോസഫ് ഒബെര്‍ഹാന്‍സിലി(39)യെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് പുറമേ ഭവനഭേദനക്കുറ്റത്തിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ബലാത്സംഗക്കുറ്റത്തില്‍ വെറുതെവിട്ടു.

2014-ലാണ് യു.എസിലെ ഇന്ത്യാനയില്‍ തന്റെ മുന്‍കാമുകിയായ ടാമി ജോ ബ്ലാന്റണെ(46) ഒബെര്‍ഹാന്‍സിലി അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിനുറുക്കുകയും ഹൃദയവും തലച്ചോറും പ്രതി ഭക്ഷിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. 46-കാരിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ വീട് പരിശോധിക്കാനെത്തിയ പോലീസ് സംഘം കാഴ്ചകള്‍ കണ്ട് ഞെട്ടി. ഒരു പ്രേതസിനിമയെക്കാള്‍ വളരെ മോശവും ഭയാനകവുമായ കാഴ്ചകളായിരുന്നു യുവതിയുടെ വീട്ടില്‍ കണ്ടതെന്നാണ് പ്രോസിക്യൂട്ടര്‍ വിവരിച്ചത്.

വീട്ടിനുള്ളിലാകെ ചോരപ്പാടുകളായിരുന്നു. യുവതിയുടെ തലയുടെ ചിലഭാഗങ്ങള്‍ ഒരു പാത്രത്തിലിരിക്കുന്ന നിലയിലും കണ്ടെത്തി. ബാക്കി ശരീരഭാഗങ്ങള്‍ കുളിമുറിയിലാണുണ്ടായിരുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നരഭോജിയായ കൊലയാളി വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈര്‍ച്ചവാള്‍ കൊണ്ട് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗവും തലയും വാളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് കുത്തിക്കീറി. തുടര്‍ന്ന് ഹൃദയവും തലച്ചോറും പ്രതി ഭക്ഷണമാക്കിയെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ‘ഒരുപാട് ക്രൂരതകള്‍ക്കാണ് യുവതി അന്നേദിവസം രാത്രി ഇരയായത്. അവള്‍ ഏറെ ഭയന്നു, അവള്‍ക്ക് കുത്തേറ്റു, അവളെ വെട്ടിനുറുക്കി കഷണങ്ങളാക്കി, ഭക്ഷണമാക്കി, അവളെ ബലാത്സംഗവും ചെയ്തു’- പ്രോസിക്യൂട്ടര്‍ ജെറമി മുള്‍ ജൂറിയോട് വിവരിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ ഒബെര്‍ഹാന്‍സിലിയല്ലെന്നും മറ്റു രണ്ട് മോഷ്ടക്കളാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇന്ത്യാനയിലേക്ക് വരുന്നതിന് മുമ്പ് ഒബെര്‍ഹാന്‍സിലി 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. സ്വന്തം മാതാവിനെയും കാമുകിയെയും വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് ഒബെര്‍ഹന്‍സിലിയെ അന്ന് ശിക്ഷിച്ചത്.

pathram:
Leave a Comment