വീട്ടിൽ വിളിച്ച് ഭക്ഷണം തന്നു, ലൈംഗികതയ്ക്കു നിർബന്ധിച്ചു; അനുരാഗിനെതിരെ പായൽഘോഷ്

മുംബൈ : ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി നടി പായൽ ഘോഷ്. സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും പായൽ ഘോഷ് പറഞ്ഞു.

അനുരാഗ് തന്നോട് മോശമായി പെരുമാറിയെന്ന് നടി പറയുന്നുണ്ടെങ്കിലും 2014 അവസാനത്തോടെ നടന്ന സംഭവത്തിനു തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെൽവെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംഭവം. തന്റെ മാനേജർക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാൻ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടർന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നൽകി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു– പായൽ പറഞ്ഞു.

അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇൻഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാൽ പോയി. ഈ കൂടിക്കാഴ്ചയിൽ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റി, എന്നെയും നിർബന്ധിച്ചു. എനിക്കിപ്പോൾ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി. പതുക്കെ എന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങൾ നടത്തിയെങ്കിലും അയാൾ പരാജയപ്പെട്ടു– പായൽ പറയുന്നു.

എനിക്കു വളരെ ബുദ്ധിമുട്ടുണ്ടെന്ന് എങ്ങനെയെങ്കിലും പറയാൻ ഞാൻ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ, ശരി, അടുത്ത തവണ വരുമ്പോൾ തയാറായിരിക്കണം എന്നു പറഞ്ഞ് അനുരാഗ് അടങ്ങി. ശരി സർ എന്നു പറഞ്ഞ് ഞാൻ അവിടെനിന്നിറങ്ങി വീട്ടിലേക്കു മടങ്ങി. പിന്നീട് അദ്ദേഹം എനിക്കു സന്ദേശമയച്ചു. പക്ഷേ ഞാൻ മറുപടി നൽകിയില്ല.– പായൽ വിവരിച്ചു. #MeToo തരംഗത്തിൽ ഇതു പറയാൻ ശ്രമിച്ചെങ്കിലും കുടുംബവും സുഹൃത്തുക്കളും ത‌ടഞ്ഞെന്നും പായൽ കൂട്ടിച്ചേർത്തു.

2014 മുതൽ അനുരാഗുമായുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉണ്ടോ എന്നു ചോദിച്ചപ്പോൾ, ഇല്ലെന്നായിരുന്നു പായലിന്റെ മറുപടി. ‘അത് എനിക്ക് ഒരു മാറാപ്പ് പോലെയായിരുന്നു. ഇപ്പോൾ പറഞ്ഞപ്പോൾ ആശ്വാസമുണ്ട്. സുശാന്തിന്റെ മരണവും ലഹരിമരുന്നും വിഷയമായപ്പോൾ ബോളിവുഡിലെ എന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. കുടുംബം പിന്തുണച്ചാൽ മാത്രമേ പരാതി നൽകൂ.’– പായൽ പറഞ്ഞു. പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അനുരാഗ് കശ്യപ് അവ അടിസ്ഥാനമില്ലാത്തതാണെന്നും പ്രതികരിച്ചു.

pathram desk 1:
Related Post
Leave a Comment