2000 രൂപ അച്ചടി നിര്‍ത്തുമോ..? കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം

ന്യൂഡല്‍ഹി: രണ്ടായിരം നോട്ടുകൾ നിർത്തലാക്കുമോ? മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് വ്യക്തമാക്കിയതോടെ നോട്ടുകൾ നിർത്തലാക്കിയേക്കുമെന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് കേന്ദ്രസർക്കാർ. രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി ഗണ്യമായി കുറച്ചെങ്കിലും നോട്ടുകൾ നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ലോക്സഭയിൽ ഉന്നയിക്കപ്പെ്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്.

2019-20 ,2020-21 വർഷത്തിൽ 2000 രൂപ നോട്ടുകൾ അച്ചടിക്കന്നതിനായുള്ള കരാറുകൾ തയ്യാറാക്കിയിട്ടില്ലേങ്കിലും നോട്ടുകൾ നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാർ നിലവിൽ യാതൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2020 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32910 ലക്ഷം നോട്ടുകളായിരുന്നു. കൊവിഡിന്റ പശ്ചാത്തലത്തിലുള്ള നോട്ട് അച്ചടി സംബന്ധിച്ച ചോദ്യത്തിന്, ലോക്ക് ഡൗൺ നടപടികളുടെ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്ക് നോട്ടടി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നോട്ട് പ്രിന്റിംഗ് പ്രസ്സുകൾ ഘട്ടം ഘട്ടമായി ഉത്പാദനം പുനരാരംഭിച്ചതായും മന്ത്രി അറിയിച്ചു. ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡ് (ബിആർബിഎൻഎംപിഎൽ) പ്രസ്സുകളിലെ അച്ചടി പ്രവർത്തനങ്ങൾ 2020 മാർച്ച് 23 മുതൽ മെയ് 3 വരെ നിർത്തിവെച്ചിരുന്നു. 2000 നോട്ടിന്റെ പ്രചാരം ഓരോ വർഷവും കുറഞ്ഞ് വരികയാണെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍.2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോള്‍ 500ന്റെയും 200ന്റെയും നോട്ടുകൾക്ക് പ്രചാരം കൂടിയതായും ആർബിഐ വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment