അടുത്ത മൂന്ന് ദിവസം കനത്ത മഴ; 4 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. വടക്കന്‍കേരളത്തില്‍ ഇന്ന് മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടും കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

റെഡ്, ഓറഞ്ച് അലേര്‍ട്ടുകളുള്ള ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു.

ന്യോള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും. ഇന്നും നാളെയും അതിതീവ്ര മഴക്കും സാധ്യതയുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറില്‍ 125.75 അടിയായി ജലനിരപ്പ് ഉയര്‍ന്നു.

മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകള്‍ നിറയുന്നു. ഇതോടെ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മലങ്കരഡാമിന്റെ ആറ് ഷട്ടറുകള്‍ പത്ത് സെ.മി വീതമാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശം.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലമ്പുഴ ,പോത്തുണ്ടി ഡാമുകള്‍ രാവിലെ 9 മണിക്ക് തുറക്കും. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. മലമ്പുഴ 113.59 മീറ്ററും പോത്തുണ്ടി 106.2 മീറ്ററുമാണ്‌നിലവിലെ ജലനിരപ്പ്.

pathram:
Related Post
Leave a Comment