ഈന്തപ്പഴ വിതരണം: സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ കസ്റ്റംസ്

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ നിന്ന് ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ഊർജിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ് സംസ്ഥാന സർക്കാരിന് ഉടൻ നോട്ടീസ് നൽകും. കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തതിന്റെ വിശദമായ കണക്കെടുപ്പും ആരംഭിച്ചു.

നയതന്ത്ര ചാനൽ വഴി ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ചതിലെ ദുരൂഹതയെക്കുറിച്ചാണ് കസ്റ്റംസ് കൂടുതൽ പരിശോധനകൾ നടത്തുന്നത്. ഇത്തരം വസ്തുക്കളെ മറയാക്കി സ്വർണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ നയതന്ത്ര ചാനൽ വഴിയെത്തിയ മതഗ്രന്ഥങ്ങൾ കോൺസുലേറ്റ് വിതരണം ചെയ്തതിലെ ചട്ടലംഘനങ്ങളും അന്വേഷിക്കും. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകുന്നത്.

ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മന്ത്രി ജലീലിനെ ഇഡിയും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ജലീലിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങിയശേഷമായിരിക്കും ചോദ്യം ചെയ്യൽ. സ്വപ്നയെ കസ്റ്റഡിൽ ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ നൽകിയിട്ടുണ്ട്.

ഇതിനിടെ മതഗ്രന്ഥ വിതരണം, ഈന്തപ്പഴ കേസുകളിൽ കോൺസുലേറ്റ് അധികൃതരെ കേസിന്റെ ഭാഗമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ വ്യക്തത കസ്റ്റംസ് തേടിയിട്ടുണ്ട്. കോൺസുൽ ജനറലിനെ കേസിന്റെ ഭാഗമാക്കണമെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. കോൺസുൽ ജനറലിനെ ഉൾപ്പെടുത്താതെ കേസ് നിലനിൽക്കില്ലെന്നും കസ്റ്റംസ് വിലയിരുത്തുന്നു.

pathram desk 1:
Related Post
Leave a Comment