പാകിസ്താനിൽ നിന്നുള്ള നിർദേശം ലഭിച്ചാൽ നാല് നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതി; കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാര്‍ഡും ലക്ഷ്യമിട്ടു

ന്യൂഡൽഹി: ഡൽഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു ഇന്നു പിടിയിലായ അൽഖ്വയിദ ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പൽ നിർമാണ ശാലയും ഭീകരർ ലക്ഷ്യം വച്ചിരുന്നതായാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന.

പാകിസ്താനിൽ നിന്നുള്ള നിർദേശം ലഭിച്ചാൽ നാല് നഗരങ്ങളിലും ഒരേ സമയം ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പ്രധാനപ്പെട്ട നഗരങ്ങളിൽ ഭീകരാക്രമണം നടത്തി സാധാരണക്കാരായ ആളുകളെ കൊല്ലാനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഡൽഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കിൽ കേരളത്തിലും കർണാടകത്തിലും സൈനിക കേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം.

പാകിസ്താൻ അൽഖ്വയ്ദയുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുത്ത ബന്ധം ഭീകരർ പുലർത്തിയിരുന്നു. സ്ഫോടനം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന. ഭീകരവാദ ആക്രമണങ്ങൾക്ക് പ്രാദേശിക തലത്തിൽ ധനസമാഹരണം നടത്താനായിരുന്നു ഇവർക്ക് ലഭിച്ചിരുന്ന നിർദേശം.

അതേസമയം സ്ഫോടക വസ്തുക്കൾ ഡൽഹിയിലോ, കശ്മീരിലോ കൈമാറുമെന്നും ഇവരെ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കാൻ ഇപ്പോൾ അറസ്റ്റിൽ ആയവരിൽ രണ്ടോ, മൂന്നോ പേർ ഡൽഹിയിൽ എത്താനിരിക്കെയാണ് എൻ.ഐ.എയുടെ നിർണ്ണായക നീക്കത്തിൽ ഒമ്പത് പേരും പിടിയിലായത്.

എറണാകുളത്ത് നിന്ന് മൂന്ന് പേരെയും പഞ്ചിമ ബംഗാളിൽനിന്ന് ആറു പേരെയുമാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പിടിയിലായ ഒമ്പത് പേരും ബംഗാൾ സ്വദേശികളാണ്. വിവിധ രേഖകൾ, മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, നാടൻ തോക്കുകൾ എന്നിവയും ഭീകരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽനിന്ന് അറസ്റ്റിലായ അബു സുഫിയാൻ എന്നയാളും കേരളത്തിൽനിന്ന് പിടിയിലായ മുർഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നതെന്നാണ് വിവരം.

pathram desk 1:
Related Post
Leave a Comment