ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം അനുവദിക്കുന്ന ബിൽ തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതുപ്രകാരം സർക്കാർ ക്വാട്ടയിലുള്ള സീറ്റുകളിൽ 7.5 ശതമാനം സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി മാറ്റിവെക്കും. നീറ്റ് യോഗ്യതനേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. 300-ൽ കൂടുതൽ സീറ്റുകളിൽ സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്ക് പ്രവേശനം ലഭിക്കും.
നീറ്റ് നടപ്പാക്കിയത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണ് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതേക്കുറിച്ച് പഠിക്കുന്നതിന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പി. കലൈയരശന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയെത്തുടർന്നാണ് 7.5 ശതമാനം സംവരണം നിശ്ചയിച്ചത്.
നീറ്റ് മുഖേന പ്രവേശനം ആരംഭിച്ചതോടെ സർക്കാർ സ്കൂളുകളിൽ പഠിച്ചവരിൽ മെഡിക്കൽപ്രവേശനം ലഭിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഗ്രാമീണമേഖലയിലുള്ള വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം കിട്ടാത്തതും പരിഗണിച്ചാണ് സംവരണം ഏർപ്പെടുത്തിയത്. നീറ്റ് പരീക്ഷാഭയംകാരണം ഇത്തവണ അഞ്ച് വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
Leave a Comment