ഉത്തര്‍പ്രദേശില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) സമാനമായി സ്‌പെഷല്‍ ഫോഴ്‌സ് തുടങ്ങുമെന്ന് യോഗി സര്‍ക്കാര്‍. വാറണ്ടില്ലാതെ പരിശോധനയും അറസ്റ്റും നടത്താനുള്ള അനുമതി ഈ വിഭാഗത്തിനുണ്ടായിരിക്കും. കോടതി, വിമാനത്താവളം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകള്‍, മെട്രോ, ബാങ്ക്, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയുടെ സുരക്ഷയ്ക്കായിരിക്കും ഉത്തര്‍പ്രദേശ് സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സ് (യുപിഎസ്എസ്എഫ്) നിയമിക്കപ്പെടുക.
1747.06 കോടി ചെലവിട്ട് പ്രത്യേക ഫോഴ്‌സിന്റെ ആദ്യ എട്ടു ബറ്റാലിയന്‍ രൂപീകരിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി അറിയിച്ചു. ഉത്തര്‍ പ്രദേശ് പൊലീസിലെ പ്രത്യേക വിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി) യില്‍നിന്നാണ് ആദ്യ നിയമനം ഉണ്ടാകുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്നപദ്ധതിയാണ് യുപിഎസ്എസ്എഫ് എന്നും അവസ്തി പറഞ്ഞു.
മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി കൂടാതെയും വാറണ്ടില്ലാതെയും യുപിഎസ്എസ്എഫിലെ ഏതൊരു ഉദ്യോഗസ്ഥനും ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ഈ വിഭാഗത്തിനായി പ്രത്യേക നിയമങ്ങള്‍ രൂപീകരിക്കുമെന്നും അവസ്തി ട്വിറ്ററില്‍ പറഞ്ഞു.
അതേസമയം, ഇത്തരം പ്രത്യേക അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. ഇതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക മറുപടി വന്നിട്ടില്ല. സിഐഎസ്എഫിന് സമാനമായ അധികാരങ്ങളാണ് യുപിഎസ്എസ്എഫിനും നല്‍കിയിട്ടുള്ളത്.
Leave a Comment