‘രാമക്ഷേത്രത്തിന് പിരിച്ച 1400 കോടി ബിജെപി വിഴുങ്ങി, അയോധ്യ നേതാക്കളുടെ മരണത്തില്‍ ദുരൂഹത’; സന്യാസിമാരുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

രാമക്ഷേത്രത്തിനായി ബിജെപി പിരിച്ച തുകയില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നെന്നും അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നും ആരോപിച്ചുകൊണ്ട് സന്യാസിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അയോധ്യ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തുടക്കംമുതല്‍ സജീവമായിരുന്ന നിര്‍മോഹി അഖാഡയിലെ സന്യാസിമാരാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രനിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തുവെന്ന ആക്ഷേപവുമടങ്ങുന്ന വീഡിയോയാണ് ഭൂഷണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകുമെന്ന് എല്‍കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ തങ്ങള്‍ക്ക് വാക്കുനല്‍കിയിരുന്നതായി സന്യാസിമാര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിന് നടത്തിയ രഥയാത്രയുടെ ഭാഗമായി നടത്തിയ പണപ്പിരിവില്‍നിന്നും 1400 കോടി ലഭിച്ചതായും സന്യാസിമാര്‍ പറയുന്നു. ഈ പണം ബിജെപി വിഴുങ്ങിയെന്നാണ് സന്യാസിമാര്‍ ആരോപിക്കുന്നത്. പണത്തെക്കുറിച്ച് നിരവധി തവണ അശോക് സിംഗാളിനോട് അന്വേഷിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടിയൊന്നും നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സന്യസിമാര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന് ആദ്യമായി വാദിച്ച വിഭാഗങ്ങളിലൊന്നായിരുന്നു നിര്‍മോഹി സന്യാസിമാര്‍. രാമക്ഷേത്രത്തിനായി നിര്‍മ്മിച്ച തുക ബിജെപി ചില പാര്‍ട്ടികെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ചെലവാക്കിയതെന്നും സന്യാസിമാര്‍ പത്രസമ്മേളനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. തങ്ങള്‍ ബിജെപിയെപ്പോലെ പണത്തിനുവേണ്ടിയല്ല രാമനെ സ്‌നേഹിക്കുന്നതെന്നും ക്ഷേത്രനിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ച ചിലരുടെയെല്ലാം അസ്വാഭാവിക മരണങ്ങളില്‍ ദുരൂഹത മണക്കുന്നുണ്ടെന്നും സന്യാസിമാര്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment