പരീക്ഷണം നിർത്തിയത് താൽക്കാലികം മാത്രം; വിശദീകരണവുമായി ആസ്ട്ര സെനക

ലണ്ടൻ: യു‌കെയിൽ പരീക്ഷിച്ചയാളിൽ പ്രതികൂല പ്രതികരണമുണ്ടായതിനെത്തുടർന്ന് ആസ്ട്ര സെനകയും ഓക്സ്ഫഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സീൻ പരീക്ഷണം നിർത്തിവച്ചു. ‘വിശദീകരിക്കാനാകാത്ത അസുഖത്തിന്റെ’ ഒരു ‘പതിവ്’ താൽക്കാലിക വിരാമമായാണ് ആസ്ട്ര സെനക ഇതിനെ വിശേഷിപ്പിച്ചത്. വാക്സീൻ പരീക്ഷണങ്ങളുടെ ഫലം ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം. ആഗോളതലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡസൻ കണക്കിന് വാക്സീനുകളിൽ ശക്തമായ മത്സരാർഥിയായാണ് ആസ്ട്ര സെനക–ഓക്സ്ഫഡ് സർവകലാശാല വാക്സീൻ കാണപ്പെടുന്നത്. 1, 2 ഘട്ട വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം വിപണിയിലെത്തുന്ന വാക്സീനുകളിൽ ആദ്യത്തേതിൽ ഒന്നായിരിക്കുമെന്നും പ്രതീക്ഷകൾ ഉയർന്നിരുന്നു.

പ്രതികൂല പ്രതികരണമുണ്ടായതിനെത്തുടർന്ന് എല്ലാ പരീക്ഷണങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നതിന് മുൻപായി ഒരു സ്വതന്ത്ര അന്വേഷണം സുരക്ഷാ ഡേറ്റ അവലോകനം ചെയ്യും. വലിയ പരീക്ഷണങ്ങളിൽ, അസുഖങ്ങൾ ആകസ്മികമായി സംഭവിക്കുമെങ്കിലും ഇത് ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നതിന് സ്വതന്ത്രമായി അവലോകനം ചെയ്യേണ്ടതുണ്ടെന്ന് ഓക്സ്ഫഡ് സർവകലാശാല വക്താവ് പറഞ്ഞു.

ചൊവ്വാഴ്ച, ഒൻപത് കോവിഡ് വാക്സീന്‍ ഡവലപ്പർമാരുടെ ഒരു സംഘം വാക്സീന്‍ പരീക്ഷണത്തിന് ശാസ്ത്രീയവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്ന ‘ചരിത്രപരമായ പ്രതിജ്ഞ’ എടുത്തിരുന്നു. പ്രതിരോധ കുത്തിവയ്പ് നൽകിയ വ്യക്തികളുടെ സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും തങ്ങളുടെ മുൻ‌ഗണനയാക്കുമെന്ന് പ്രതിജ്ഞയിൽ പറയുന്നു. ക്ലിനിക്കൽ പഠനത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെ വാക്സീന്‍ പരീക്ഷണം കടന്നുപോയതിനുശേഷം മാത്രമേ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കുകയുള്ളൂ എന്ന പ്രതിജ്ഞയിൽ ഒപ്പുവച്ച 9 സ്ഥാപനങ്ങളിൽ ആസ്ട്ര സെനകയും ഉൾപ്പെടുന്നു. വ്യവസായ ഭീമന്മാരായ ജോൺസൺ & ജോൺസൺ, ബയോടെക്, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ, ഫൈസർ, മെർക്ക്, മോഡേണ, സനോഫി, നോവവാക്സ് എന്നിവയാണ് മറ്റു സ്ഥാപനങ്ങൾ‌.

180 ഓളം വാക്സീൻ പരീക്ഷണങ്ങൾ ലോകമെമ്പാടും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്. എന്നിരുന്നാലും, ചൈനയും റഷ്യയും ആഭ്യന്തരമായി വികസിപ്പിച്ച വാക്സീനുകൾ ചിലർക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അവയെല്ലാം ഇപ്പോഴും ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്.

അതേസമയം, മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് കോവിഡ് വാക്സീനുകൾക്ക് അംഗീകാരം നൽകാമെന്ന് യുഎസ് ദേശീയ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിർദേശിച്ചിരുന്നു. നവംബർ 1നകം വാക്സീൻ വിതരണം ചെയ്യാൻ തയാറാകുന്നതിനു ചില ആവശ്യകതകൾ ഒഴിവാക്കണമെന്നും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു.

• ആസ്ട്ര സെനക–ഓക്സ്ഫഡ് വാക്സീൻ

ആസ്ട്ര സെനക–ഓക്സ്ഫഡ് വാക്സീൻ AZD1222 എന്നറിയപ്പെടുന്നു. ഇത് കോവിഡിന് കാരണമാകുന്ന സാർസ്–കോവ്–2 എന്ന വൈറസിലെ പ്രോട്ടീനുകളിലൊന്നിൽ ഒരു ജീൻ വഹിക്കുന്ന അഡെനോവൈറസായി ഉപയോഗിക്കുന്നു. സാർസ്-2 വിനെതിരെ ഒരു സംരക്ഷണ പ്രതികരണം സൃഷ്ടിക്കുന്നതിന് രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുന്നതിനാണ് അഡെനോവൈറസ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ഒരു അംഗീകൃത വാക്‌സീനിൽ ഉപയോഗിച്ചിട്ടില്ല. എബോള വൈറസ് ഉൾപ്പെടെയുള്ള മറ്റു വൈറസുകൾക്കെതിരായ പരീക്ഷണാത്മക വാക്‌സീനുകളിൽ പരീക്ഷിച്ചു.

അതേസമയം, ജൂലൈയിൽ പ്രസിദ്ധീകരിച്ച 1, 2 ഘട്ട പഠനത്തിൽ വാക്സീൻ നൽകിയ 1,000 പേരിൽ 60% പേർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പനി, തലവേദന, പേശി വേദന എന്നിവ ഉൾപ്പെടുന്ന എല്ലാ പാർശ്വഫലങ്ങളും സൗമ്യമോ മിതമോ ആണെന്നും കണക്കാക്കപ്പെട്ടു.

ഓഗസ്റ്റ് അവസാനത്തോടെ ആസ്ട്ര സെനക മൂന്നാം ഘട്ട പരീക്ഷണം യു‌എസിൽ ആരംഭിച്ചിരുന്നു. രാജ്യമെമ്പാടുമുള്ള 62 സ്ഥലങ്ങളിൽ പരീക്ഷണം നടക്കുന്നുണ്ട്. 2, 3 ഘട്ട പരീക്ഷണങ്ങൾ നേരത്തെ യു‌കെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ആരംഭിച്ചിരുന്നു. മൂന്നാം ഘട്ട പരിശോധനയ്ക്കായി യുഎസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും 30,000 ത്തോളം പേർ പങ്കെടുത്തു. വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ ആയിരക്കണക്കിനുപേരാണ് പങ്കാളികളാകുക. പരീക്ഷണം വർഷങ്ങളോളം നീണ്ടുനിൽക്കും.

ഗുരുതരമായ പ്രതികൂല പ്രതികരണങ്ങൾ, ആശുപത്രിയിൽ പ്രവേശനം ആവശ്യമായ ലക്ഷണങ്ങൾ, ജീവൻ അപകടപ്പെടുത്തുന്ന രോഗം, മരണം എന്നിങ്ങനെ വ്യത്യസ്ത പ്രതികൂല പ്രതികരണങ്ങളുണ്ട്. ഏത് ക്ലിനിക്കൽ പരീക്ഷണത്തിലാണ് പ്രതികൂല പ്രതികരണം ഉണ്ടായതെന്നു പെട്ടെന്ന് വ്യക്തമല്ല. എന്നിരുന്നാലും യു‌കെയിൽ‌ നടന്നുകൊണ്ടിരിക്കുന്ന 2, 3 ഘട്ട പരീക്ഷണം ഒരു വ്യക്തമായ സാധ്യതയാണ്.

pathram desk 1:
Related Post
Leave a Comment