“ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ കരഞ്ഞുപറഞ്ഞിരുന്നു, ഷോയ്ക്കിടയില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വിങ്ങിയിട്ടുണ്ട്”; ബാലുവിന്റെ കസിന്‍ പ്രിയ വേണുഗോപാല്‍

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ താളപ്പിഴകളെക്കുറിച്ച് സൂചന നല്‍കി കസിന്‍ പ്രിയ വേണുഗോപാല്‍. ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞിരുന്നതായി പ്രിയ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്തുകൊണ്ട് വെളിപ്പെടുത്തി. പിന്നീട് ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം ബാലഭാസ്‌കര്‍ തന്നെ തിരുത്തിയതായും പ്രിയ വ്യക്തമാക്കി.

തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കാന്‍ എക്കാലവും മടിയുണ്ടായിരുന്ന ബാലഭാസ്‌കര്‍ പല സ്റ്റേജ് ഷോകള്‍ക്കിടയിലും സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ച് കരഞ്ഞുപോകുന്ന അവസ്ഥ പോലുമുണ്ടായിരുന്നതായും പ്രിയ പറഞ്ഞു. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായിത്തുടങ്ങിയ ഘട്ടത്തില്‍ തന്റെ ഭാര്യ വളരെയധികം ‘ഡിമാന്‍ഡിംഗ’് ആണെന്ന് ബാലഭാസ്‌കറിന് പ്രശസ്ത കലാകാരന്മാരുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറയേണ്ടി വന്നതായും പ്രിയ വേണുഗോപാല്‍ പറഞ്ഞു.

ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാര്‍, ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം മാനേജര്‍ വിഷ്ണു സോമസുന്ദരം, പൂന്തോട്ടം റിസോര്‍ട്ട് ഉടമ രവീന്ദ്രന്‍ ഭാര്യ ലത, മാനേജര്‍ പ്രകാശ് തമ്പി മുതലായവരെല്ലാം ബാലഭാസ്‌കറിന്റെ ബന്ധുക്കളേയും ബാലഭാസ്‌കറേയും തമ്മില്‍ അകറ്റാന്‍ ശ്രമിച്ചതായി പ്രിയ സൂചിപ്പിക്കുന്നുണ്ട്. ബാലഭാസ്‌കറും ഈ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളില്‍ ഒട്ടനവധി ആശയക്കുഴപ്പങ്ങളും ദുരൂഹതകളും അവശേഷിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു. വിഷ്ണു സോമസുന്ദരത്തിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ താന്‍ മകന് മുന്നറിയിപ്പ് നല്‍കിയെന്നും അയാള്‍ മുഴുവനായി കവര്‍ച്ച ചെയ്യാന്‍ അനുവദിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചതായും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പറഞ്ഞു.

ലക്ഷ്മിയോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ സ്വത്തുക്കളില്‍ ബാലുവിന്റെ അമ്മയ്ക്കും അവകാശമുണ്ടായിരുന്നു. ഇക്കാര്യംപോലും തങ്ങള്‍ ബാലഭാസ്‌കറിന്റെ മരണശേഷം ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞപ്പോളാണ് അറിയുന്നതെന്നും പ്രിയ പറഞ്ഞു. ബാലുവിന്റെ സ്വത്തുക്കള്‍ ഞങ്ങള്‍ക്ക് വേണ്ട എന്ന നിലപാടെടുത്തുകൊണ്ട് സാമ്പത്തികഇടപാടുകള്‍ മാനേജര്‍മാര്‍ക്ക് വിട്ടുനല്‍കുന്നതിലൂടെ തന്ത്രപരമായ ഒരു പിഴവല്ലേ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ കാണിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് ഞങ്ങള്‍ എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു ഉണ്ണിയുടെ മറുപടി.

ബാലഭാസ്‌കറിന്റെ മരണശേഷം സൈബര്‍ മീഡിയ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള അപവാദപ്രചാരണങ്ങളുണ്ടായതായി ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ പറയുന്നു. ബാലുവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് അച്ഛനും അമ്മയും ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. ഇത് തങ്ങള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ഇവര്‍ പറഞ്ഞു. 21 വയസില്‍ വിവാഹിതനായി വീട്ടില്‍ നിന്നിറങ്ങിയ ബാലഭാസ്‌കര്‍ പിന്നീട് പലപ്പോഴായി തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസികബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ പ്രൊഫഷണല്‍ ജീവിതത്തിലോ സാമ്പത്തിക കാര്യങ്ങളിലോ നാളിതുവരെ തങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment