ബെംഗളൂരു ലഹരി മരുന്ന് കേസ്: നിക്കി ഗൽറാണിയുടെ സഹോദരിയുടെ വസതിയിൽ റെയ്ഡ്

ബെംഗളൂരു : പ്രശസ്ത ചലച്ചിത്ര താരം സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ്. കന്നഡ ചലച്ചിത്ര താരങ്ങള്‍ ഉൾപ്പെട്ട ബെംഗളൂരു ലഹരിമരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഒട്ടേറെ മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണിയുടെ സഹോദരിയാണു സഞ്ജന.

ഇന്നലെ ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി ഇവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. കന്നഡ സിനിമാ ലഹരി മാഫിയയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടന്നത്.

സീരിയൽ നടി ഡി.അനിഖ, മലയാളികളായ അനൂപ് മുഹമ്മദ് , റിജേഷ് രവീന്ദ്രൻ എന്നിവരെ 21നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്, കന്നഡ സിനിമയും ലഹരിയുമായുള്ള ബന്ധം ബെംഗളൂരു പൊലീസ് അന്വേഷിക്കാനാരംഭിച്ചത്.

അതേസമയം കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍. അഞ്ചുവര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന നിയാസാണ് അറസ്റ്റിലായത്. കന്നഡ ചലച്ചിത്രതാരങ്ങള്‍ക്ക് നിയാസ് ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. കേസിൽ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ ആറു പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി ലഭിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment