‘ഇങ്ങോട്ട് വന്ന് സ്‌നേഹിച്ച് ഇത്രയും നാള്‍ കൊണ്ടുനടന്നിട്ടല്ലേ, ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മാക്കറിയാം’

കൊല്ലം: കൊട്ടിയത്ത് ആത്മഹത്യചെയ്ത യുവതി മരിക്കുന്നതിന് മുമ്പ് ഹാരിഷുമായും ഹാരിഷിന്റെ മാതാവുമായും നടത്തിയത് വികാരനിർഭരമായ ഫോൺ സംഭാഷണം. മകനെ വിട്ടുപോകണമെന്ന് ഹാരിഷിന്റെ മാതാവ് പലതവണ യുവതിയോട് പറയുന്നതും, ഇതിനെല്ലാം എനിക്കിനി ജീവിക്കേണ്ടെന്ന് യുവതി മറുപടി പറയുന്നതും സംഭാഷണത്തിലുണ്ട്. ഇതേ ശബ്ദരേഖയ്ക്കൊപ്പം ഹാരിഷുമായി യുവതി നടത്തിയ ഫോൺ സംഭാഷണവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഹാരിഷ് ഇക്കയ്ക്ക് എന്നെ വേണ്ടാന്ന് പറഞ്ഞാണ് യുവതി ഹാരിഷിന്റെ മാതാവിനോട് സംസാരിച്ച് തുടങ്ങുന്നത്. പിന്നീട് യുവതിയോട് ഹാരിഷിന്റെ മാതാവ് പറയുന്നത് ഇങ്ങനെ-

നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക്, അതാ നല്ലത്. നല്ല കുടുംബത്തിൽച്ചെന്ന് ജീവിക്കാൻ നോക്ക്. വല്ല ജോലിയും നോക്ക്, നീ പോടി പെണ്ണേ നിന്റെ പാട്ടിന്. ഞാനാണെങ്കിൽ അങ്ങനെത്തെ വാശിയിലേ നിൽക്കൂ. അന്തസായി ജോലിയൊക്കെ വാങ്ങാൻ നോക്ക് മോളേ. അവന്റെ വാപ്പായുടെ ആളുകൾ അടുക്കത്തില്ല. മാനസികമായി ഒരു കട്ടി വെയ്ക്ക്. നീ നല്ലൊരു ജീവിതം ജീവിയ്ക്ക്. ഞാൻ അതിന് പ്രാർഥിക്കാം. നിനക്ക് എപ്പോ വേണമെങ്കിലും ഞാനും എല്ലാരുമുണ്ട്. നിനക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം, വിളിക്കാം, എല്ലാം ചെയ്യാം. നീ നിന്റെ മനസിന് നല്ലൊരു ധൈര്യം കൊടുക്ക്. എന്നിട്ട് നീ വാപ്പായും ഉമ്മയും പറയുന്നത് പോലെ ചെയ്യ്

എന്നാൽ എനിക്ക് വാപ്പേനം ഉമ്മാനേം വേണ്ട എന്നായിരുന്നു യുവതിയുടെ മറുപടി. ഇതിനുശേഷവും ഹാരിഷിന്റെ മാതാവ് യുവതിയോട് സംസാരിച്ചു-

അങ്ങനെയൊന്നും പറയല്ലേ, അവർ പറയുന്ന ബന്ധമാണ് ഏറ്റവും പവിത്രം. വീട്ടുകാർ പറയുന്ന ബന്ധമേ എപ്പോൾ ആയാലും ശരിയാവുകയുള്ളു. നീ അങ്ങനൊന്നും പറയല്ലേ. സാഹചര്യം അങ്ങനെയായതോണ്ടല്ലേ, ഞാൻ ഒരു കാര്യം പറയുന്നത് നീ കേൾക്ക്. വീട്ടുകാർ പറയുന്ന ബന്ധം നോക്കി മോള് പോകാൻ നോക്ക്. അതാണ് നല്ലത്. നീ എത്രയും പെട്ടെന്ന് അവർ പറയുന്ന ബന്ധത്തിൽ കല്ല്യാണം കഴിക്ക്. ഞാനും വരാം. വാപ്പേം ഉമ്മേം ഞങ്ങൾ എല്ലാരും വരാം. എപ്പോഴും നിനക്ക് ഞങ്ങളുടെ വീട്ടിൽ വരാം, സഹകരിക്കാം, എല്ലാം ചെയ്യാം മോളേ, ഇതിൽ മാറ്റംവരില്ല. നീ ഒറ്റയ്ക്കാവും, അവനും ഒറ്റയ്ക്കാവും. അവരുടെ ആളുകളും ചേരത്തില്ല, ഒരാളും ചേരത്തില്ല. അങ്ങോട്ടും ഇങ്ങോട്ടും അടി, പിടി, ബഹളം, എന്തിനാണ്. അതിനെക്കാൾ നല്ലത് വീട്ടുകാർ പറയുന്നത് നോക്കി പൊന്നുമോൾ പോ. നിനക്ക് എപ്പോഴും ഇവിടെ വരാം.

ഞാൻ പോകുവാ ഉമ്മാ, ഇനി ശല്യമായി വരത്തില്ല എന്നായിരുന്നു യുവതി ഇതിനുനൽകിയ മറുപടി. തനിക്കും ഭർത്താവിനും അസുഖങ്ങളുണ്ടെന്നും നീ വെറുതെ ആവശ്യമില്ലാത്ത പണിയൊന്നും ചെയ്യരുതെന്നും ഹാരിഷിന്റെ മാതാവ് തിരിച്ചും പറയുന്നു. ജോലിക്ക് പോയാൽ എല്ലാ ശരിയാകുമെന്നും ആശ്വസിപ്പിക്കുന്നുണ്ട്.

പക്ഷേ, ഉമ്മാ പറയുന്നപോലെ അണ്ണന് വേറെ ഒരാളുടെ കൂടെ ജീവിക്കാനാകില്ല എന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്നതും ശബ്ദരേഖയിലുണ്ട്. ഇതെല്ലാം കേട്ടിട്ടും പൊന്നുമോൾ പോയി ജീവിക്കാൻ നോക്കെന്നും ഇനി അതെല്ലാം പറഞ്ഞിട്ട് കാര്യമില്ലെന്നും അവനെ മനസിൽനിന്ന് കളയണമെന്നുമായിരുന്നു മാതാവിന്റെ ഉപദേശം. നീ സുന്ദരിയാണ്. നല്ല ഭാവിയുണ്ട്, നമുക്ക് സഹോദരങ്ങളെപ്പോലെ കഴിയാമെന്നും ഹാരിഷിന്റെ മാതാവ് പറയുന്നു.

ഞാൻ വിട്ടു, ഉമ്മാന്റെ മോനെ ശല്യം ചെയ്യാൻ ഞാൻ ഇനി വരില്ലെന്ന് യുവതി തുടർന്ന് പറയുന്നു. ഉമ്മാന്റെ മോന്റെ കൂടെ ജീവിക്കണമെന്നാണ് ഞാൻ വിചാരിച്ചത്, അല്ലാതെ വേറെ ഒരുത്തന്റെ കൂടെ ജീവിക്കാനല്ല. ഉമ്മാന്റെ മൂത്തമരുമകൾ അന്യജാതിയല്ലേ, അവര് സുഖമായിട്ട് ജീവിക്കുന്നില്ലേ, എന്തെല്ലാം പ്രശ്നങ്ങളുണ്ടായി കുടുംബത്തിൽ. ഞാൻ ആരെയെങ്കിലും ശല്യംചെയ്തോ, കല്ല്യാണം കഴിക്കണമെന്നല്ലേ ഹാരിഷിക്കയോട് പറഞ്ഞിട്ടുള്ളൂ. എന്നോട് ഇങ്ങോട്ട് വന്ന് സ്നേഹിച്ച് ഇത്രയുംനാൾ എന്നെ കൊണ്ടുനടന്നിട്ടല്ലേ, ഒരു കുഞ്ഞിനെ വരെ തന്ന കാര്യം ഉമ്മാക്കറിയാം. ഉമ്മ എന്നെ മരുമകളായിട്ട് കാണുന്നുണ്ടോ ഇല്ലെയോ എന്ന് എനിക്കറിയില്ല. പക്ഷേ. ഞാൻ ഉമ്മയെ ഉമ്മയായിട്ട് തന്നെയാണ് കണ്ടത്. എനിക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങൾക്ക് ആർക്കും ഒരു കുഴപ്പവുമുണ്ടാകില്ലെന്നും യുവതി ഫോൺ സംഭാഷണത്തിൽ പറയുന്നു.

നേരത്തെ ഹാരിഷുമായി നടത്തിയ ഫോൺ സംഭാഷണവും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഹാരിഷ് മറ്റൊരു പെണ്ണിനെ കല്ല്യാണം കഴിക്കണമെന്ന് പറയുമ്പോൾ താൻ എങ്ങനെയാണ് മനസമാധാനത്തോടെ ഇരിക്കുകയെന്നായിരുന്നു യുവതിയുടെ ചോദ്യം. അങ്ങനെയാണെങ്കിൽ തനിക്ക് മുമ്പിൽ രണ്ട് വഴികളേ ഉള്ളൂവെന്നും ഒന്ന് മറ്റേ ബന്ധം നിർത്തി ഹാരിഷിക്ക തന്നെ വിവാഹം കഴിക്കണമെന്നും രണ്ടാമത്തെ വഴി തനിക്ക് ജീവിതവും ജീവനും വേണ്ട എന്നതാണെന്നും യുവതി പറയുന്നു. എന്നാൽ ഇത്രയെല്ലാം കേട്ടിട്ടും ശരി എന്നും, ആലോചിക്കാൻ സമയം വേണമെന്നുമായിരുന്നു ഹാരിഷിന്റെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കൊട്ടിയത്തെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2019 ജൂലായിലാണ് ഹാരിഷും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിനൊപ്പം വളയിടീൽ ചടങ്ങും നടത്തി. ഇതിനുശേഷം ഹാരിഷ് പലതവണ യുവതിയെ വീട്ടിൽനിന്ന് പലയിടത്തേക്കും കൂട്ടിക്കൊണ്ടുപോയി. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിയും യുവതിയെ പലപ്പോഴും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. യുവതി ഗർഭിണിയായതോടെ ഹാരിഷും വീട്ടുകാരും എറണാകുളത്ത് കൊണ്ടുപോയി ഗർഭഛിദ്രം നടത്തി. പലസമയത്തായി യുവതിയുടെ വീട്ടുകാരിൽനിന്ന് സ്വർണവും പണവും വാങ്ങിച്ചു. ഇതിനെല്ലാംശേഷമാണ് ഹാരിഷും കുടുംബവും വിവാഹത്തിൽനിന്ന് പിന്മാറിയത്.

യുവതിയുടെ ആത്മഹത്യയിൽ ഹാരിഷ് മുഹമ്മദിനെ കൊട്ടിയം പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പും നടത്തി. ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ തിങ്കളാഴ്ച രാവിലെ യുവതിയുടെ കൊട്ടിയം കൊട്ടുംപുറത്തെ വസതിയിലെത്തിയിരുന്നു.

സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനും കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും കമ്മീഷൻ അംഗം പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകാനും കൊട്ടിയം എസ്.എച്ച്.ഒ.യ്ക്ക് നിർദേശം നൽകി.

pathram desk 1:
Related Post
Leave a Comment