രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലും റിലയൻസ് ജിയോയും വൻ മൽസരമാണ് നടക്കുന്നത്. ജിയോയുടെ പുതിയ ഓഫറുകളെ നേരിടാൻ എയർടെൽ വൻ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എയർടെൽ നിലവിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും ഡേറ്റാ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതായാണ് റിപ്പോർട്ട്. നേരത്തെ, എയർടെല്ലിന്റെ എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും ഒരു അടിസ്ഥാന ഡേറ്റാ ക്യാപ്പ് ഉണ്ടായിരുന്നു – ബേസിക്, എന്റർടൈൻമെന്റ്, പ്രീമിയം, വിഐപി. എന്നാൽ, നിലവിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും കമ്പനി പരിധിയില്ലാത്ത ഡേറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജിയോ ഫൈബർ അതിന്റെ പോർട്ട്‌ഫോളിയോ പുതുക്കിയതിന് തൊട്ടുപിന്നാലെയാണ് എയർടെലും വരിക്കാർക്ക് പരിധിയില്ലാത്ത ഡേറ്റ വാഗ്ദാനം ചെയ്യുന്നത്. 399 പ്ലാനിൽ പരിധിയില്ലാത്ത ഡേറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന് ജിയോ അവകാശപ്പെടുന്നുണ്ട്. എന്നാൽ, പരിധിയില്ലാത്ത പ്ലാൻ പ്രകാരം 3300 ജിബി ആണ് ലഭിക്കുക. എയർടെലിനും സമാനമായ ഒരു പരിധി ഉണ്ടായിരിക്കാം.
ഒൺലിടെക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാൻ വരിക്കാർക്കുമായി പരിവർത്തന പ്രക്രിയ എയർടെൽ ആരംഭിച്ചു എന്നാണ്. നേരത്തെ സ്ഥിര ഡേറ്റാ ക്യാപുകളിൽ പരിമിതപ്പെടുത്തിയിരുന്ന ബേസിക്, എന്റർടൈൻമെന്റ്, പ്രീമിയം, വിഐപി വിരിക്കാരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇത് സംബന്ധിച്ച് എയർടെലിന്റെ വെബ്‌സൈറ്റിലും MyAirtel ആപ്ലിക്കേഷനിലും ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല.
നിലവിലുള്ള ഉപയോക്താക്കൾക്ക് മാത്രമായി ഡേറ്റാ ആനുകൂല്യത്തിന്റെ നവീകരണം തുടങ്ങുകയാണ് എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. വരിക്കാർ ജിയോ ഫൈബറിലേക്ക് മാറുന്നത് തടയുന്നതിനാണ് എയർടെലിന്റെ നീക്കമെന്നാണ് കരുതുന്നത്. എന്നാൽ ജിയോയുടെ പുതിയ പ്രഖ്യാപനം വന്നതോടെ എയർടെൽ വെബ്‌സൈറ്റിൽ നിന്ന് 299 പരിധിയില്ലാത്ത ഡേറ്റ ആഡ്-ഓൺ പായ്ക്ക് നീക്കം ചെയ്തു. എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്കുള്ള പ്രൈം വിഡിയോ ആനുകൂല്യം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ജിയോ ഫൈബർ പ്ലാനുകളിൽ വലിയ മാറ്റംവരുത്തി. 399 ഉൾപ്പടെ, താങ്ങാനാവുന്ന നാല് പ്ലാനുകളുള്ള എല്ലാ ഉപയോക്താക്കൾക്കും പരിധിയില്ലാത്ത ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് ജിയോ അവകാശപ്പെടുന്നു. എന്നാൽ, ഈ പ്ലാനുകൾക്ക് 3300 ജിബിയുടെ വാണിജ്യ ഉപയോഗ നയമുണ്ട്. കൂടാതെ, ഈ പ്ലാനുകളുടെ ഡേറ്റാ കൈമാറ്റ വേഗം ഡൗൺലോഡ്, അപ്‌ലോഡ് തുല്യമായിരിക്കും. എല്ലാ പുതിയ ഉപഭോക്താക്കൾക്കും ഒരു ‘നോ-കണ്ടീഷൻ’ 30 ദിവസത്തെ സൗജന്യ ട്രയലും അവതരിപ്പിച്ചു.
Leave a Comment