ഇന്ത്യയുടെ പബ്ജി അഥവാ ‘ഫൗ–ജി’, അടിച്ചുമാറ്റലിന്റെ പുതിയ രൂപം, ചോദ്യം ചെയ്ത് ട്വിറ്റർ

ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ പബ്ജി മൊബൈൽ ഗെയിം നിരോധിച്ചതോടെ പകരം നിൽക്കാനെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ഫൗ–ജി ഗെയിമിന്റെ ആദ്യ പോസ്റ്റർ തന്നെ വിവാദത്തിലായി. ബോളിവുഡ് നടൻ അക്ഷയ് കുമാർ ട്വിറ്ററിലൂടെ ഔദ്യോഗികമായി അവതരിപ്പിച്ച ‘ഫൗ-ജി’ ഗെയിം പോസ്റ്റർ സ്റ്റോക്ക് ഇമേജിൽ നിന്ന് പകർത്തിയതാണെന്ന് ട്വിറ്റർ ഉപയോക്താക്കൾ തെളിവ് സഹിതം കണ്ടെത്തി കഴിഞ്ഞു.

ഫൗ-ജി എന്ന പേരിൽ അവതരിപ്പിക്കുന്ന പുതിയ ഗെയിമിനെതിരെ സോഷ്യൽമീഡിയ ഒന്നടങ്കം ട്രോളുന്നുണ്ട്. മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ഫൗ–ജിയുടെ പോസ്റ്റർ രാജ്യം ഒന്നടങ്കം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഗെയിമിൽ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 20 ശതമാനം ‘ഭാരത് കി വീർ ട്രസ്റ്റിന്’ സംഭാവന ചെയ്യുമെന്നും അക്ഷയ് കുമാർ ട്വിറ്ററിലൂടെ പ്രസ്താവിച്ചിരുന്നു.

ഇന്ത്യയിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഗെയിമിങ് വിനോദത്തിന്റെ ഒരു പ്രധാന രൂപമായി മാറുകയാണ്. ഫൗ–ജി ഗെയിം കളിക്കുമ്പോൾ അവർ നമ്മുടെ സൈനികരുടെ ത്യാഗത്തെക്കുറിച്ച് അറിയുമെന്നും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് സംഭാവന നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, പ്രധാനമന്ത്രി മോദിയുടെ ആത്മ നിർഭറിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ നമുക്കെല്ലാവർക്കും കഴിയുമെന്നും അക്ഷയ് കുമാർ പറഞ്ഞു.

എന്നാൽ, ഈ പോസ്റ്റർ ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് സോഷ്യൽമീഡിയക്കാർ ഫൗജി ഗ്രാഫിക്സിന്റെ ഒറിജിനൽ ചിത്രം പുറത്തുക്കൊണ്ടുവന്നത്. സൂചിപ്പിക്കുന്നത് പോലെ, പോസ്റ്ററിൽ നിർമാതാക്കൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരെ കാണിക്കാൻ ഒരു സ്റ്റോക്ക് ഇമേജ് ഉപയോഗിച്ചു. സ്റ്റോക്ക് ഇമേജ് കൃത്യമായി എഡിറ്റിങ് നടത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വിഡിയോ ഗെയിം എന്നു പറഞ്ഞാൽ ഗ്രാഫിക്സുകളുടെ ഒത്തുചേരലാണ്. എന്നാൽ ആദ്യ പോസ്റ്റർ തന്നെ പകർപ്പാണെന്ന് പറഞ്ഞാണ് മിക്കവരും രംഗത്തെത്തിയിരിക്കുന്നത്.

സ്റ്റോക്ക് ഫോട്ടോ ആണെങ്കിൽ തന്നെ നിരവധി വെബ്സൈറ്റുകളും മറ്റുപരസ്യ ഏജൻസികളും ഉപയോഗിച്ചതാണ് ഈ ചിത്രം. ഫ്രാൻ‌ട്ടിക്കൽ ഫ്യൂച്ചറിസ്റ്റിന്റെ ഒരു വാർത്താ ലേഖനത്തിൽ ഇത് നേരത്തെ ഉപയോഗിച്ചിരുന്നു. യു‌എസ് സൈന്യം 2040 ൽ ഇങ്ങനെയായിരിക്കുമെന്ന് കാണിക്കാൻ 2020 ജനുവരിയിലും ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

കോളിഷൻ ഓഫ് ഇന്നസെൻസ് എന്ന ബാൻഡിന്റെ ‘ടുഡേ വി റൈസ്ക്’ എന്ന ഗാനത്തിലും ഫോട്ടോ പ്രത്യക്ഷപ്പെട്ടുവെന്ന് മറ്റൊരു ട്വീറ്റ് കാണാം. അക്ഷയ് കുമാറിന്റെ ഫൗ-ജി ഗെയിമിൽ ഉപയോഗിച്ച ചിത്രം ഷട്ടർസ്റ്റോക്ക് വെബ്‌സൈറ്റിൽ നിലവിലുണ്ടെന്ന് ഗൂഗിൾ സേർച്ചിൽ നിന്ന് വ്യക്തമാണ്. രണ്ട് ഫോട്ടോകൾ തമ്മിലുള്ള ദൃശ്യമായ വ്യത്യാസം ഫൗ-ജി യിൽ ഇന്ത്യൻ പതാക കൂട്ടിച്ചേർത്തതാണ്.

pathram desk 1:
Related Post
Leave a Comment