കടലിന്റെ അടിയിൽ ചെന്ന് ടൈറ്റാനിക്കിനെ കാണാം, പത്തു ദിവസം നീണ്ടുനിൽക്കുന്ന യാത്ര പോകാം

മഞ്ഞുമലയിൽ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങിയ ടൈറ്റാനിക്, ഇന്നും സങ്കടകരമായ ഒരോർമയാണ്. 1985 ൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ ടൈറ്റാനിക് എന്ന കപ്പലും അതിന്റെ വിശേഷങ്ങളും കഥകൾ മാത്രമായിരുന്നു. ടൈറ്റാനിക് എന്ന പേരിൽ ഹോളിവുഡ് സിനിമ ഇറങ്ങിയപ്പോഴും നമ്മളിൽ പലരും ആഴങ്ങളിൽ മയക്കത്തിലാണ്ടുകിടക്കുന്ന കപ്പലിനെ ഒരു നോക്കു കാണാൻ ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ഇപ്പോൾ, 35 വർഷത്തിനുശേഷം, ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനി ടൈറ്റാനിക്കിനെ നേരിട്ടു കാണാൻ അവസരമൊരുക്കുന്നു.

അടുത്ത വർഷം മുതൽ നിങ്ങൾക്ക് അത്യാധുനിക സജ്ജീകരണങ്ങളുള്ള സബ്‌മെർസിബിൾ റെക്ക് സൈറ്റിലേക്ക് ഇറങ്ങാനും ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാനും സാധിക്കും.

ടൈറ്റാനിക് നേരിട്ട് കാണണമെങ്കിൽ, മുൻ‌കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിന് ആദ്യം ഒരു മിഷൻ സ്പെഷലിസ്റ്റ് ആകണം. മുഴുവൻ യാത്രയ്ക്കും കൂടി ഏകദേശം 125,000 ഡോളർ നൽകേണ്ടിവരും. ചെലവ് ഭീമമാണെങ്കിലും ഓഷ്യൻ‌ഗേറ്റ് വാഗ്ദാനം ചെയ്യുന്നത് അസാധ്യമായ ഒരു അനുഭവമാണ്.

ഇൗ യാത്ര ന്യൂഫൗണ്ട് ലാൻഡിലെ സെന്റ് ജോൺസിൽനിന്ന് ആരംഭിക്കുന്നു, അവിടെനിന്ന് നിങ്ങൾ ഡൈവ് സപ്പോർട്ട് കപ്പലിൽ കയറും. അവിടെ സന്ദർശകർക്കായി നിരവധി മിഷൻ ബ്രീഫുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കപ്പൽ തകർന്ന സൈറ്റിലേക്ക് പോകുമ്പോൾ വേണ്ട സുരക്ഷാ പരിശീലനവും മറ്റും നൽകും. മൂന്നാം ദിവസം, നിങ്ങൾ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന് മുകളിൽ എത്തും. യഥാർഥ അനുഭവം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതൽ എട്ട് മണിക്കൂർ വരെ നീളും; മറ്റ് കാഴ്ചകൾക്കായി മൂന്നു മണിക്കൂറും. ഏകദേശം പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്.

ഓരോ മിഷൻ സ്പെഷലിസ്റ്റിനും ഒരു സ്വകാര്യ മുറി ഉണ്ടായിരിക്കും. ഡൈവ് സപ്പോർട്ട് കപ്പലുകൾ മികച്ച സൗകര്യങ്ങളും കാര്യക്ഷമതയും ഇണക്കിയായാണ് നിർമിച്ചിരിക്കുന്നത്. ആവശ്യമായ ഭക്ഷണവും മറ്റും ഡൈവ് സപ്പോർട്ട് കപ്പലിൽ സൂക്ഷിക്കാം. സെന്റ് ജോൺസിലേക്കുള്ള നിങ്ങളുടെ വിമാന നിരക്ക് നേരത്തേ പറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

സിനിമയിലും ചിത്രങ്ങളിലുമല്ലാതെ ടൈറ്റാനിക്കിനെ അടുത്തറിയാനുള്ള ഒരു അവസരമാണ് ഇത്. ചരിത്രത്തിൽ ഇടം നേടിയ അമൂല്യ കപ്പലിന്റെ വിശേഷങ്ങൾ നേരിട്ടറിയാൻ വിനോദസഞ്ചാരികൾക്ക് അടുത്ത വർഷം മുതൽ സാധിക്കും.

pathram desk 1:
Leave a Comment