പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്

പബ്ജി നിരോധിച്ചതിനു പിന്നാലെ സമാനമായ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ രൂപം നൽകിയ ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്. ബോളിവുഡ് നടൻ അക്ഷയ് കുമാർ ആണ് ഫൗ-ജിയുടെ മെൻ്റർ. ഗെയിമിൽ നിന്ന് ലഭിക്കുന്നതിൻ്റെ 20 ശതമാനം തുക ‘ഭാരത് കെ വീർ’ ട്രസ്റ്റിലേക്കാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനുള്ള സഹായമാണ് ഈ ട്രസ്റ്റ് നൽകുന്നത്.

ഇന്ത്യയിലെ യുവത്വത്തിന്, വിനോദോപാധികളിൽ ഗെയിമിങ് അത്യാവശ്യമായ കാര്യമാണ്. ഫൗ-ജി കളിക്കുന്നതിലൂടെ നമ്മുടെ സൈനികരുടെ പരിത്യാഗത്തെപ്പറ്റി അവർ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. ഇതോടൊപ്പം, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സഹായിക്കാനും അവർക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ പദ്ധതിയെ പിന്തുണക്കാനും കഴിയും”- വിവരം പങ്കുവച്ച് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യൻ സൈനികർ കൈകാര്യം ചെയ്ത ഭീഷണികളുടെ യഥാർത്ഥ സംഭവങ്ങൾ ഗെയിമിലുണ്ടാവും. ഒക്ടോബർ അവസാനത്തോടെ ഗെയിം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗാൽവൻ താഴ്‌വരയുമായി ബന്ധപ്പെട്ടതാവും ആദ്യത്തെ ലെവൽ. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഗെയിം ലഭ്യമാകും.

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകളാണ് കേന്ദ്രം കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

pathram desk 1:
Related Post
Leave a Comment