23,000 എവിടുന്ന് കിട്ടി..? പ്രീജയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള പണം കിട്ടിയതിനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികളായ സജീവും സനലും യാത്ര ചെയ്ത വാഹനത്തില്‍ നിന്ന് ഇരുപത്തി മൂവായിരം രൂപയാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളുമായി പോകാനൊരുങ്ങിയത് പത്തനംതിട്ടയിലേക്ക് ആണെന്ന് കൂട്ടുപ്രതിയായ പ്രീജ സമ്മതിച്ചെന്നും പൊലീസ്. അതേസമയം കൊലയില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ എണ്ണത്തില്‍ പൊലീസിന് ആശയക്കുഴപ്പം തുടരുകയാണ്.

ഇരട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തില്‍ മുഖ്യതെളിവായി മാറുകയാണ് പ്രതികള്‍ കൈവശം വച്ച പണം. കൊലയില്‍ നേരിട്ട് പങ്കുള്ള സജീവും സനലും ഉണ്ണിയും കൊലയ്ക്ക് ശേഷമെത്തിയത് സനലിന്റെ ബന്ധുവായ പ്രീജയുടെ മദപുരത്തുള്ള വീട്ടിലാണ്. അവിടെ നിന്ന് ഒളിവില്‍ പോകാനായി തിരുവോണത്തിന്റെ അന്ന് വൈകിട്ട് നാല് മണിയോടെ സജീവും സനലും പ്രീജയ്ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നത്.

ആ സമയം പ്രീജയുടെ ബാഗില്‍ നിന്ന് ഇരുപത്തിമൂവായിരം രൂപ കണ്ടെടുത്തു. ഇത്രയും പണം അവധി ദിവസമായ തിരുവോണത്തിന്റെ അന്ന് പ്രീജയ്ക്ക് എങ്ങനെ കിട്ടിയെന്നതാണ് പ്രധാനസംശയം. ചിട്ടിനടത്തിയ പണമെന്നാണ് പ്രീജയുടെ മറുപടി. അത് വിശ്വസിക്കാത്ത പൊലീസ് രണ്ട് സാധ്യതകള്‍ കാണുന്നു. കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ തന്നെ പണം കരുതിവച്ചു. അല്ലങ്കില്‍ കൊലയ്ക്ക് ശേഷം മറ്റാരോ പ്രീജയുടെ വീട്ടിലെത്തിച്ച് പണം നല്‍കി. ഇത് കണ്ടെത്താനാണ് അന്വേഷണം. അതേസമയം സ്വന്തം നാടായ പത്തനംതിട്ടയിലേക്കാണ് പ്രതികളുമായി പോകാന്‍ ഒരുങ്ങിയതെന്ന് പ്രീജ സമ്മതിച്ചതായും പൊലീസ് പറയുന്നുണ്ട്.

അതിനിടെ കൊലയില്‍ നേരിട്ട് പങ്കെടുത്തത് മൂന്ന് േപരാണോ നാല് പേരാണോ എന്നതില്‍ പൊലീസില്‍ ആശയക്കുഴപ്പമുണ്ട്. സജീവ്, സനല്‍, ഉണ്ണി എന്നിവരുടെ പങ്ക് ഉറപ്പായി. എന്നാല്‍ അന്‍സറിന് നേരിട്ട് പങ്കുണ്ടോയെന്നതാണ് സംശയം. അന്‍സറിന് പങ്കില്ലെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ച് ഇതുറപ്പിക്കാനാണ് നീക്കം. എന്നാല്‍ നേരിട്ട് പങ്കില്ലെങ്കിലും ഗൂഡാലോചനയിലടക്കം അന്‍സന്‍ പ്രതിയാണന്നതില്‍ പൊലീസിന് തര്‍ക്കമില്ല.

pathram:
Leave a Comment