ബാങ്കുകളുടെ തനി സ്വഭാവം ഉടന്‍ അറിയാം; മൊറൊട്ടോറിയത്തില്‍ സുപ്രീം കോടതി രണ്ടും കല്‍പ്പിച്ച് തന്നെ

ന്യൂഡല്‍ഹി: മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ നടക്കുന്ന വാദത്തിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.

മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ വിദശീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പഴയ മൊറോട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നല്‍കുന്നത് സംബന്ധിച്ച് ആര്‍.ബി.ഐയുടെ സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതിയില്‍ തുടരുകയാണ്.

അതേസമയം, കോവിഡിനെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയില്‍ തുടരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇളവുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് ആറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാകും വായ്പ ഇളവുകളെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പലിശ നിരക്ക് കുറയ്ക്കല്‍, പിഴപ്പലിശ ഒഴിവാക്കല്‍, തിരിച്ചടവ് പുനഃക്രമീകരിക്കല്‍ തുടങ്ങിയ ഇളവുകള്‍ ആണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ വിശദീകരിച്ചിരിക്കുന്നത്.

നിലവിലുള്ള വായ്പ കാലാവധി മൊറോട്ടോറിയത്തോടെയോ അല്ലാതായോ രണ്ടുവര്‍ഷം വരെ നീട്ടാന്‍ ബാങ്കുകള്‍ക്ക് അധികാരം ഉണ്ടാകും. പലിശ കുടിശ്ശിക പുതിയ വായ്പയാക്കി മാറ്റി തിരിച്ചടവ് പുനഃക്രമീകരിക്കുക, അധികവായ്പ അനുവദിക്കുക എന്നീ നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറിലുണ്ട്.

ഓരോ വായ്പക്കാരന്റെയും സാഹചര്യം പരിശോധിച്ച് ബാങ്കുകളാകും ഇളവ് തീരുമാനിക്കുകയെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മൊറോട്ടോറിയം നീട്ടാനാകില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

മൊറോട്ടോറിയം ആദ്യം അനുവദിച്ചപ്പോള്‍ ആ അനുകൂല്യം വിനിയോഗിച്ചവരെക്കാള്‍ ഇരട്ടിയില്‍ അധികം പേര്‍ മൊറോട്ടോറിയം നീട്ടിയപ്പോള്‍ അതിന്റെ ആനുകൂല്യം വിനിയോഗിച്ചു എന്നാണ് ബാങ്കുകളുടെ നിലപാട്. അതിനാല്‍ മൊറോട്ടോറിയം എല്ലാവര്‍ക്കുമായി നീട്ടരുത് എന്നാണ് ബാങ്കുകളുടെ വാദം.

pathram:
Related Post
Leave a Comment