നടി അനിഖ ലഹരിവസ്തു ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് തപാല്‍ സ്റ്റാംപിനു പിന്നില്‍ തേച്ച് പാവകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്

ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സീരിയല്‍ നടി അനിഖ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് (എല്‍എസ്ഡി) എന്ന ലഹരിവസ്തു ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് തപാല്‍ സ്റ്റാംപിനു പിന്നില്‍ തേച്ച് പാവകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്. തുടര്‍ന്നു പാവകള്‍ കുറിയറില്‍ അയയ്ക്കുകയാണ് ചെയ്തിരുന്നത്. പാര്‍ട്ടികള്‍ക്കു വിതരണം ചെയ്തിരുന്നത് സമ്മാനപ്പൊതികള്‍ എന്നു തോന്നിപ്പിക്കുന്ന പെട്ടികളിലാണ്. കന്നഡ സിനിമാ ലോകത്തെ വരെ പിടിച്ചു കുലുക്കിയ ലഹരിമരുന്നു വേട്ടയില്‍ അനിഖയ്ക്കു പുറമേ ആര്‍. രവീന്ദ്രന്‍, മുഹമ്മദ് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

ബിറ്റ്കോയിന്‍ നല്‍കി രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴി വിദേശത്തുനിന്നാണ് അനിഖ ലഹരിമരുന്ന് എത്തിച്ചിരുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് അനിഖ നല്‍കിയിരിക്കുന്ന അഞ്ച് പേജ് മൊഴിയില്‍ കന്നഡയിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും വിഐപിമാരുടെ മക്കളുടെയും പേരുണ്ട്. ഇവരില്‍ പലരും എന്‍സിബിയുടെ നിരീക്ഷണത്തിലാണെന്നാണു സൂചന. നടന്മാരെക്കാള്‍ കൂടുതല്‍ നടിമാരാണ് ലോക്ഡൗണില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ലോക്ഡൗണില്‍ മദ്യം ലഭിക്കാതെ വന്നതോടെ പല നടിമാരും ലഹരിവഴികള്‍ തേടുകയായിരുന്നു

2000 മുതല്‍ 5000 രൂപ വരെ വാങ്ങി മെതലീന്‍ ഡയോക്സി മെത് ആംഫ്റ്റമൈന്‍ (എംഡിഎംഎ) ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്നതായി അനിഖ സമ്മതിച്ചിട്ടുണ്ട്. ലോക്ഡൗണിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. ഇടപാടുകള്‍ക്കായി അനിഖ പല കോഡ് പദങ്ങളും ഉപയോഗിച്ചിരുന്നു. ബി-മണി എന്നായിരുന്നു അവരുടെ സോഷ്യല്‍ വെബ്സൈറ്റിന്റെ പേര്. അമീനംഖാന്‍ മുഹമ്മദ് എന്നയാള്‍ വഴിയായിരുന്നു പ്രധാന ഇടപാടുകള്‍. അനിഖയുടെ ഇടനിലക്കാരനായ ഡുഗോയ് ദുന്‍ജോ ഒളിവിലാണ്.

ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ശേഷം ബെംഗളൂരുവില്‍ എത്തിയ അനിഖ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നൈജീരിയന്‍ സ്വദേശി ആന്‍ഡിയുമായി പരിചയപ്പെട്ടതോടെ വസ്ത്ര ഇറക്കുമതിയിലേക്കു തിരിഞ്ഞു. പൊലീസിനെ ആക്രമിച്ച കേസില്‍ ആന്‍ഡി ജയിലിലാണ്. തുടര്‍ന്ന് സീരിയല്‍ രംഗത്തെത്തിയ അനിഖ സിനിമാ താരങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കിയാണ് ലഹരിക്കടത്തിലേക്കു കടന്നത്.

pathram:
Leave a Comment