കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ജനീവ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ്. നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന് കാരണമാകുന്ന കാര്യങ്ങള്‍ തടയുക, ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷിക്കുന്നതിനുളള നടപടികള്‍ ജനങ്ങള്‍ സ്വയം കൈക്കൊളളുക, രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തുകയും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുക, പരിശോധനകള്‍ നടത്തുക, രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ വേഗത്തില്‍ കണ്ടെത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങള്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് 19 പ്രത്യാഘാതം വിലയിരുത്തുന്നതിനായി ലോകാരോഗ്യസംഘടന നടപ്പാക്കിയ സര്‍വേയില്‍ 105 രാജ്യങ്ങള്‍ പങ്കെടുത്തു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നടന്ന സര്‍വേയില്‍ അഞ്ചുപ്രദേശങ്ങള്‍ ഉള്‍ക്കൊളളിച്ചായിരുന്നു സര്‍വേ. ആരോഗ്യസംവിധാനങ്ങളില്‍ പോരായ്മകളുണ്ടെന്നും കോവിഡ് 19 പോലൊരു മഹാമാരിയെ ചെറുക്കാന്‍ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകതയുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. കോവിഡ് പശ്ചാത്തലത്തില്‍ മറ്റുരോഗങ്ങളെ ചികിത്സിക്കുന്നതില്‍ തടസ്സം നേരിട്ടതുസംബന്ധിച്ചും കണ്ടെത്തലുണ്ട്.

pathram:
Leave a Comment