ഇരുകൂട്ടരുടെയും കൈവശം വാളുകള്‍; വെഞ്ഞാറമ്മൂട് കൊലപാതകത്തിൽ പൊലീസ് നിലപാട് മാറ്റം

രാഷ്ട്രീയ കൊലയെന്ന് സി.പി.എം ആവർത്തിക്കുമ്പോഴും, കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് ആദ്യം റൂറൽ എസ്.പി ബി.അശോകൻ പറഞ്ഞങ്കിലും നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഡി.ഐ.ജി സഞ്ചയ് കുമാർ ഗുരുദീൻ തിരുത്തിപ്പറഞ്ഞു. പ്രതികളുടെ എണ്ണത്തിലും അക്രമത്തിന്‍റെ സാഹചര്യത്തിലും ആദ്യം ലഭിച്ച മൊഴികളിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് പൊലീസിന്‍റെ നിലപാട് മാറ്റം.

ഇരട്ടക്കൊല നടന്നതിന്‍റെ അഞ്ചാം മണിക്കൂറിലാണ് എസ്. പി ഈ പ്രാഥമിക നിഗമനം പറഞ്ഞത്. നേരം പുലർന്ന് തെളിവെടുപ്പും മൊഴിയെടുപ്പും നടന്നതോടെ ഡി.ഐ.ജി തിരുത്തി. രാഷ്ട്രീയ കാരണമെന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ അറിയാം.

രാഷ്ട്രീയ കൊലപാതകമെന്ന് സി.പി.എം ആവർത്തിക്കുന്നതിനിടെയുള്ള പൊലീസിന്‍റെ മലക്കം മറിച്ചിലിന്‍റെ പ്രധാന കാരണം സി.സി.ടി.വി ദൃശ്യങ്ങളാണ്. ആറ് പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കാണാം. ഇരുകൂട്ടരുടെയും കൈവശം വാളുകളുണ്ട്. ഇതെല്ലാം ആദ്യമുള്ള മൊഴികളിൽ നിന്ന് വിരുദ്ധമായതിനാൽ വീണ്ടും അന്വേഷിക്കും. പ്രതികളും കൊല്ലപ്പെട്ടവരുമായി ഒരു വർഷത്തിലധികമായി പ്രശ്നം തുടരുന്നതിനാലും മറ്റ് കാരണങ്ങളുടെ സാധ്യതയും പരിശോധിക്കുകയാണ്.

പ്രതികളെ പിടികൂടിയ ശേഷമുള്ള വിശദ അന്വേഷണത്തിലൂടെ രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് ഉറപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

pathram desk 2:
Related Post
Leave a Comment