കടങ്ങോട് : ഇല്ലാത്ത കൊറോണ ഓട്ടോ ഡ്രൈവറെ പുലിവാലു പിടിപ്പിച്ചത് 12 ദിവസം.!! ഓണച്ചെലവിന് കാഷ് കണ്ടെത്താമെന്നുള്ള സ്വപ്നവുമായി ഓട്ടോയുമായി ഇറങ്ങിയ ഡ്രൈവറാണു വെട്ടിലായത്. പാലക്കാട് ജില്ലയിൽ നിന്നു ഇവിടെ വന്ന് ഓട്ടോയിൽ കയറിയ വയോധികന് പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ പോസിറ്റീവായതാണ് യുവാവിനെ കുഴപ്പിച്ചത്. യുവാവിനോടു നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ഓട്ടോയും കയറ്റിയിട്ട് ഡ്രൈവർ വീട്ടിൽ നിരീക്ഷണത്തിലിരുന്നു. മാത്രമല്ല, പഞ്ചായത്തിലെ 6ാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആക്കുകയും ചെയ്തു. പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വയോധികന്റെ ഭാര്യ, മക്കൾ എന്നിവരുടെ സ്രവം പരിശോധനയ്ക്കയച്ചു. അവരുടെ ഫലം നാലാം ദിവസം വന്നപ്പോൾ നെഗറ്റീവ്. പക്ഷേ, വയോധികന്റെ ഫലം മാത്രം വന്നില്ല.
കുടുംബാംഗങ്ങളുടെയെല്ലാം ഫലം നെഗറ്റീവ് ആയ സ്ഥിതിക്ക് ഓട്ടോയിൽ അൽപ നേരം മാത്രം സമ്പർക്കത്തിൽ വന്ന തനിക്കു നിരീക്ഷണം അവസാനിപ്പിച്ചുകൂടെ എന്ന് യുവാവ് ആരാഞ്ഞെങ്കിലും അനുവാദം കിട്ടിയില്ല. എന്തേ വയോധികന്റെ ഫലം മാത്രം വരാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമില്ല. ഓട്ടോയും വീട്ടിലിട്ട് ഡ്രൈവർ പിന്നെയും കാത്തിരുന്നു.
നാളെ നിരീക്ഷണ കാലാവധി അവസാനിക്കാനിരിക്കെ ഇന്നലെയാണ് വയോധികന്റെ ഫലം വന്നത്. നെഗറ്റീവ്. ഇതിനിടെ ഓട്ടോ സ്റ്റാൻഡിൽ എത്താത്ത യുവാവിന് പോസിറ്റീവ് ആണെന്ന തരത്തിൽ നാട്ടിൽ പ്രചാരണം ആരംഭിച്ചിരുന്നു. ഇനി ഓണം എങ്ങനെ ആഘോഷിക്കുമെന്ന ആശങ്കയിലാണ് ഓട്ടോ ഡ്രൈവർ.
Leave a Comment