ന്യൂഡൽഹി: വിവാദ വ്യവസ്ഥകളുമായി ആരോഗ്യ ഐഡി. വിവര ശേഖരത്തിന്റെ ഭാഗമായി വ്യക്തികളുടെ ജാതിയും രാഷ്ട്രീയ ചായ്‌വും അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനു പുറമേ വ്യക്തികളുടെ ലൈംഗിക താല്‍പര്യം, സാമ്പത്തിക നില എന്നവയും രേഖപ്പെടുത്താന്‍ ശുപാര്‍ശ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും അറിയിക്കണം. പദ്ധതിയുടെ കരട് തയാറായി. അടുത്തമാസം മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാരനും ആധാർ പോലുള്ള ആരോഗ്യ ഐഡി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിപ്ലവമെന്നു പറഞ്ഞ് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് വിവാദത്തിലായിരിക്കുന്നത്.
ഒരു പൗരന്റെ എല്ലാ മെഡിക്കൽ പരിശോധന റിപ്പോർട്ടുകളും കുറിപ്പുകളും രോഗചരിത്രവും ആരോഗ്യ ഐഡിയിൽ ഉണ്ടാകുമെന്നാണ് പ്രഖ്യാപിച്ചത്. ഒരാളുടെ രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ടുകളും എന്നിവയും ഡേറ്റാബേസിലുണ്ടാകും. വിവാദ വ്യവസ്ഥകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.േവണുഗോപാല്‍ പറഞ്ഞു. അതേസമയം, ആരോഗ്യ ഐഡിയിലേക്ക് ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
പദ്ധതിയില്‍ ടെലി മെഡിസിന്‍, ഇ ഫാര്‍മസി തുടങ്ങിയവ സ്വകാര്യമേഖലയ്‍ക്ക് കൈമാറാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിര്‍ക്കുന്നു. ആരോഗ്യ ഐഡിയുടെ ഡേറ്റാ സുരക്ഷ സംബന്ധിച്ച് കരട് നയം ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി. സെപ്റ്റംബര്‍ മൂന്നുവരെ പൊതുജനങ്ങള്‍ക്ക് ഇതില്‍ അഭിപ്രായം അറിയിക്കാം. ആരോഗ്യ ഐഡിക്കായി നല്‍കുന്ന വിവരങ്ങളുടെ നിയന്ത്രണാധികാരം വ്യക്തികളായിരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കടക്കം ഇത് പരിശോധിക്കണമെങ്കില്‍ വ്യക്തിയുടെ അനുമതി വേണ്ടിവരും.
Leave a Comment