മികച്ച കോവിഡ് പ്രവര്‍ത്തന മാതൃക; ദേശീയ തലത്തിൽ നാല് സമ്മാനങ്ങള്‍ കരസ്ഥമാക്കി കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: കൊവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാതൃകകള്‍ വീഡിയോകളിലൂടെ അവതരിപ്പിച്ച് കിംസ്‌ഹെല്‍ത്ത് നാല് സമ്മാനങ്ങള്‍ കരസ്ഥമാക്കി. കൊവിഡ് കാലത്ത് ആരോഗ്യപരിരക്ഷാ മേഖലയില്‍ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനായി കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് (സി.എ.എച്ച്.ഒ) സംഘടിപ്പിച്ച ദേശീയ തല ഓണ്‍ലൈന്‍ മത്സരത്തിലാണ് കിംസ്‌ഹെല്‍ത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കിയത്.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍.എ.ബി.എച്ച്), നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍), രാജ്യത്ത് ജോയിന്റ് കമ്മിഷന്‍ ഇന്റര്‍നാഷണലിന്റെ (ജെ.സി.ഐ) അംഗീകാരമുള്ള ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങള്‍ എന്നിവയുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നതിനുളള പൊതു ആശയവിനിമയവേദിയാണ് സിഎഎച്ച്ഒ. എല്ലാ പങ്കാളികളുമായും സഹകരിച്ച് സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിരന്തരം മെച്ചപ്പെടുത്തുന്നതിലും സിഎഎച്ച്ഒ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഡോണിംഗ് ആന്‍ഡ് ഡോഫിംഗ് ഓഫ് പിപിഇ, മാനേജിംഗ് പേഷ്യന്റ്‌സ് ഇന്‍ പ്രോണ്‍, ക്ലീനിംഗ് ഓഫ് ഇന്‍സ്ട്രുമെന്റ്‌സ്, സാംപിള്‍ കളക്ഷന്‍ ഫ്രം എ സസ്‌പെക്റ്റഡ് കൊവിഡ് പേഷ്യന്റ് എന്നീ വിഭാഗങ്ങളിലെ വീഡിയോകള്‍ക്കാണ് രാജ്യത്തെ ആരോഗ്യ പരിരക്ഷാ മേഖലയിലുള്ള സ്ഥാപനങ്ങളെല്ലാം പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ കിംസ്‌ഹെല്‍ത്ത് ജേതാക്കളായത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ പിപിഇ ധരിക്കുന്നതിനേയും അവ സുരക്ഷിതമായി മാറ്റുന്നതിനേയും പ്രതിപാദിക്കുന്ന വീഡിയോ ആണ് ഡോണിംഗ് ആന്‍ഡ് ഡോഫിംഗ് ഓഫ് പിപിഇ. പിപിഇ കിറ്റുകളുടെ ശരിയായ ഉപയോഗം അണുക്കളുടെ വ്യാപനത്തെ ചെറുക്കുന്നതിന് സഹായകമാണ്. പിപിഇ ധരിക്കുന്നതിനും അഴിച്ചെടുക്കുന്നതിനും കൃത്യമായ അറിവും കഴിവും ആവശ്യമാണ്. ഇത് തെറ്റായ രീതിയിലാണെങ്കില്‍ അപകടകരമാണ്. കൊവിഡ് സംശയിക്കുന്നവരേയും കൊവിഡ് രോഗികളേയും ചികിത്സിക്കുമ്പോള്‍ കിംസ് ഹെല്‍ത്തിലെ സ്റ്റാഫ് പിപിഇ കിറ്റുകള്‍ ധരിക്കാറുണ്ട്. എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്ത് പിപിഇ കിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ പരിശീലനവും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.

ശ്വസനവ്യവസ്ഥയെയാണ് സാര്‍സ് -കൊവ്-2 വൈറസ് പ്രധാനമായും ബാധിക്കുക. തുടര്‍ന്ന് മറ്റു അവയവങ്ങളേയും വൈറസ് ബാധിക്കാറുണ്ട്. ചിലരില്‍ പ്രകടമായ ലക്ഷണങ്ങളുണ്ടാകില്ല. ചിലരില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ ഗുരുതര ശ്വസന പ്രശ്‌നങ്ങളുണ്ടാകാം. മാനേജിംഗ് പേഷ്യന്റ്‌സ് ഇന്‍ പ്രോണ്‍ എന്ന വീഡിയോയില്‍ കൊവിഡ് പ്രവണത കാണിക്കുന്ന മറ്റു ഗുരുതര രോഗങ്ങളുള്ളവരുടെ പരിപാലനമാണ് വ്യക്തമാക്കുന്നത്. സ്രവം പുറത്തേക്കുവിടുന്നതും ഗ്യാസ് എക്‌സ്‌ചേഞ്ചും അല്‍വിയോളര്‍ റിക്രൂട്ട്‌മെന്റും മെച്ചപ്പെടുത്തുന്നതും വിശദമാക്കുന്നുണ്ട്. എല്ലാതര സംരക്ഷണവും ഉറപ്പു നല്‍കുന്ന കിംസ് ഹെല്‍ത്തില്‍ കൊവിഡ് ബാധിതരായ മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നുണ്ട്. കൊവിഡ് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് മികച്ച പരിരക്ഷയും ശ്വസനശുചിത്വവും ഉറപ്പുവരുത്തി അവരുടെ ആരോഗ്യം വീണ്ടെടുക്കാന്‍ എപ്രകാരമാണ് സഹായിക്കുന്നതെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്.

മെഡിക്കല്‍, സര്‍ജിക്കല്‍ ഉപകരണങ്ങളിലൂടെ സൂക്ഷ്മാണുക്കള്‍ വ്യക്തികളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാനായി ശുചീകരണം, അണുവിമുക്തമാക്കല്‍, സ്‌റ്റെറിലൈസിംഗ് എന്നിവയ്ക്ക് കൊവിഡ് കാലത്ത് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. സുരക്ഷിതമായ സംരക്ഷണം എന്ന ആപ്തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കിംസ്‌ഹെല്‍ത്തിന്റെ സെന്‍ട്രല്‍ സ്‌റ്റെറില്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ഉപകരണങ്ങള്‍ അണുവിക്തമാക്കുന്നതിനും സ്റ്റെര്‍ലൈസ് ചെയ്യുന്നതിനും നല്‍കുന്ന ശ്രദ്ധയാണ് ക്ലീനിംഗ് ഓഫ് ഇന്‍സ്ട്രുമെന്റ്‌സ് എന്ന വീഡിയോയില്‍ വിവരിക്കുന്നത്.

ലബോറട്ടറി പരിശോധനകള്‍ക്കായി ശേഖരിക്കുന്ന സാംപിളുകളെല്ലാം അണുവാഹകങ്ങളായാണ് കണക്കാക്കുക. സാംപിള്‍ ശേഖരണത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നഴ്‌സുമാര്‍ക്കായി പരിശീലനം, വ്യക്തി സുരക്ഷ വര്‍ദ്ധിപ്പിക്കല്‍, സ്വാബ് ശേഖരിക്കുന്നതിനുള്ള രീതികളുടേയും പ്രക്രിയയുടേയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍, കൃത്യതയോടെ സുരക്ഷിതവുമായി സാംപിള്‍ എത്തിക്കല്‍ എന്നിവ നടപ്പിലാക്കിയിരിക്കുന്നതിനാല്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് അണുബാധയേല്‍ക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇത്തരം നടപടികളെല്ലാം സാംപിള്‍ ശേഖരണത്തിന്റെ നിലവാരം നിര്‍ണയിക്കുന്നതിന് സഹായകമാണ്. ഇവയെല്ലാമാണ് സാംപിള്‍ കളക്ഷന്‍ ഫ്രം എ സസ്‌പെക്റ്റഡ് കൊവിഡ് പേഷ്യന്റ് എന്ന വീഡിയോയില്‍ പ്രതിപാദിക്കുന്നത്.
എല്ലാ നിയമാവലികളും പാലിച്ചുകൊണ്ട് സാംപിളുകള്‍ ശേഖരിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പനി ക്ലിനിക്കും കിംസ്‌ഹെല്‍ത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment