പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 10 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ 8.30 ന് സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായതായും പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നും ഖേരി പൊലീസ് മേധാവി സതേന്ദ്രര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

ജില്ലയില്‍ 10 ദിവസത്തിനിടെ സമാന രീതിയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. ഓഗസ്റ്റ് 15ന് ഖേരി ജില്ലയില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച അവസ്ഥയിലുമാണ് ദലിത് സമുദായത്തില്‍പെട്ട പതിമൂന്നുകാരിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്നു കണ്ടെത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിതാവിനെ തള്ളി ഖേരി പൊലീസ് രംഗത്തെത്തി. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിട്ടില്ലെന്നും നാവ് മുറിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് പത്രക്കുറിപ്പില്‍ പറഞ്ഞത്.

pathram:
Related Post
Leave a Comment