‘മരണപ്പെട്ട’ സ്ത്രീ ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുൻപ് പുനരുജ്ജീവിച്ചു

‘മരണപ്പെട്ട’ സ്ത്രീ ശവസംസ്കാര കേന്ദ്രത്തിൽ വച്ച് പുനരുജ്ജീവിച്ചു. അമേരിക്കയിലെ ഡെട്രോയിറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 20കാരിയായ ടിമേഷ ബ്യൂചാമ്പ് ആണ് ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുൻപ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

20കാരിയായ ഒരു പെൺകുട്ടി പ്രതികരണ ശേഷിയില്ലാതെ കിടക്കുന്നു എന്ന അറിയിപ്പിനെ തുടർന്നാണ് വൈദ്യ സംഘം ടിമേഷയുടെ വീട്ടിലെത്തുന്നത്. 30 മിനിട്ടോളം ഇവർ പരിശ്രമിച്ചു എങ്കിലും യുവതി നിശ്ചലയായിരുന്നു. ഇതേ തുടർന്ന് യുവതി മരണപ്പെട്ടതായി ഡോക്ടർ അറിയിച്ചു. പോസ്റ്റ്മാർട്ടം കൂടാതെ മൃതദേഹം കുടുംബത്തിനു വിട്ടു നൽകാമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം സംസ്കരിക്കാനായി കുടുംബം ഫ്യൂണറൽ ഹോമിലെത്തിച്ചു. തുടർന്നാണ്, ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം യുവതി ജീവനോടെയുണ്ടെന്ന് മനസ്സിലായത്.

ടിമേഷയെ സംസ്കരിക്കാനായി ബോഡി ബാഗ് തുറന്ന ശവസംസ്കാര കേന്ദ്രത്തിലെ ജീവനക്കാർ അവർ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ സംഭവം വൈദ്യ സംഘത്തെ അറിയിക്കുകയും യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തു. ഇവർ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തന്നെ തുടരുകയാണ്.

pathram desk 1:
Related Post
Leave a Comment