സെക്രട്ടേറിയറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷിക്കും; ഫൊറന്‍സിക് സംഘം തെളിവെടുക്കുന്നു

സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ തെളിവെടുപ്പ് തുടങ്ങി. ഫൊറന്‍സിക് സംഘമാണ് സെക്രട്ടേറിയറ്റില്‍ എത്തി തെളിവെടുപ്പ് തുടങ്ങിയത്. അതേസമയം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. എഡിജിപി ഹെഡ് ക്വാര്‍ട്ടേഴ്‌സിനാണ് മേല്‍നോട്ടം. മനോജ് ഏബ്രഹാം നേതൃത്വം നല്‍കും. ഐജി പി. വിജയനും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. സ്‌പെഷ്യല്‍ സെല്‍ എപിപി വി. അജിത്തിനാണ് അന്വേഷണ ചുമതല. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടുത്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് തിപിടുത്തത്തിലൂടെ ഉണ്ടായത്. മൂന്ന് സെക്ഷനിലാണ് തീപിടുത്തം ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നു സെക്ഷനുകളിലുമായി പ്രധാനപ്പെട്ട ഫയലുകളാണ് കത്തിപ്പോയതെന്ന് മനസിലാക്കാന്‍ സാധിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് നിഷ്പക്ഷ അന്വേഷണം നടത്തും. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണി ട്വന്റിഫോറിനോട് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment