തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കല്‍ വൈകും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്‌കരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകുമെന്ന് സൂചന. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അന്തിമവിധി വന്നശേഷം കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും കൈമാറ്റം യാഥാര്‍ഥ്യമാകാനെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഒപ്പിട്ട് ബാങ്ക് ഗ്യാരന്റിയുള്‍പ്പെടെ സമര്‍പ്പിച്ചശേഷമാണ് അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക്‌ വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം എത്തിച്ചേരൂ.

കരാര്‍ ഒപ്പിട്ടശേഷം അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ പഠനം നടത്തും. ഇവിടെ സംയുക്തമായി പ്രവര്‍ത്തിച്ചശേഷമായിരിക്കും ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമാകുന്നത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അദാനി ഗ്രൂപ്പിനോടൊപ്പം ഡെപ്യൂട്ടേഷനില്‍ ഇവിടെ ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകും. ഇവര്‍ക്ക് ഡെപ്യൂട്ടേഷന്‍ തിരഞ്ഞെടുക്കാനോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളില്‍ ജോലിക്ക് ചേരാനോ കഴിയും. നടത്തിപ്പിനായി അവകാശം നേടിയ മംഗളൂരു, അഹമ്മദാബാദ്, ലഖ്‌നൗ വിമാനത്താവളങ്ങള്‍ നവംബര്‍ മുതല്‍ അദാനി ഗ്രൂപ്പ് ആയിരിക്കും പ്രവര്‍ത്തിപ്പിക്കുക. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ചില ഉന്നതോദ്യോഗസ്ഥര്‍ വി.ആര്‍.എസ്. എടുത്തശേഷം അദാനി ഗ്രൂപ്പിന്റെ ഭാഗമായിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലായിരിക്കും അദാനി വ്യോമയാനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഉയര്‍ന്ന യൂസര്‍ഫീയാണ് ഇവിടെ നിന്നുള്ള ടിക്കറ്റ് നിരക്ക് ഉയരാനുള്ള ഒരു പ്രധാനകാരണം. സ്വകാര്യസംരംഭകര്‍ എത്തുമ്പോള്‍ യൂസര്‍ഫീയില്‍ കുറവ് വരുത്തി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് ലാഭം കണ്ടെത്താനും പുതിയ കമ്പനിക്ക് കഴിയും. കൂടുതല്‍ എയര്‍ കണക്ടിവിറ്റി ഉണ്ടായാല്‍ മാത്രമേ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം സാധ്യമാകൂ. വിമാനക്കമ്പനികളെ ലാന്‍ഡിങ് ചാര്‍ജുകളിലുള്‍പ്പെടെ ഇളവുകള്‍ നല്‍കി ഇവിടേക്ക്‌ ആകര്‍ഷിച്ച് പുതിയ സര്‍വീസുകള്‍ കൊണ്ടുവരാന്‍ സ്വകാര്യസംരംഭകര്‍ക്ക് കഴിയും.

ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങള്‍കൊണ്ട് തിരുവനന്തപുരത്തെ വിമാന ഇന്ധനം നിറയ്ക്കുന്നതിനുള്ള ഫ്യുവല്‍ റീഫില്ലിങ് സ്റ്റേഷനാക്കി മാറ്റാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താമെന്നാണ് സ്വകാര്യ കമ്പനിയുടെ വിലയിരുത്തല്‍. വിനോദപരിപാടികളുള്‍പ്പെടെ ടെര്‍മിനലില്‍ ഒരുക്കി വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്. ഇതിനൊക്കെയായി വന്‍ നിക്ഷേപം തന്നെ അദാനി ഗ്രൂപ്പ് ഇവിടെ നടത്തുമെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.

കേരള സര്‍ക്കാരിന്റെ എതിര്‍പ്പ് തുടരുന്നതിനാല്‍ വിമാനത്താവള കൈമാറ്റത്തിന്റെ കാര്യം നിലവില്‍ അനിശ്ചിതത്വത്തിലാണ്. പുതിയ ടെര്‍മിനല്‍ നിര്‍മിക്കണമെങ്കില്‍ 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അദാനി ഗ്രൂപ്പ് എത്തുമ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകും. 262 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് വേണ്ടിവരുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഈ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ അദാനിക്ക് തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനാകൂ.

pathram:
Leave a Comment