കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ രണ്ടുവര്‍ഷമെടുക്കും

ജനീവ: ലോകത്ത് കോവിഡ് വ്യാപനം രണ്ടു വര്‍ഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്ളൂവിനെ അതിജീവിക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യം അദാനം ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദ്യയുടെ മുന്നേറ്റം വേഗത്തില്‍ കോവിഡ് വ്യാപനം തടയാന്‍ സഹായിക്കും. സ്പാനിഷ് ഫ്ളൂവിനെക്കാള്‍ വേഗത്തില്‍ ഭൂലോകത്തുനിന്ന് കോവിഡിനെ തുടച്ചുമാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടെഡ്രോസ് അദാനം പറഞ്ഞു.

സ്പാനിഷ് ഫ്ളൂവിനെക്കാള്‍ അതിവേഗം കോവിഡ് പടരാന്‍ കാരണം ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ കൂടുതലായതിനാലാണ്. നമുക്ക് ഈ മഹാമാരിയെ തടയാനുള്ള സാങ്കേതികത്തികവുണ്ട്, അറിവുണ്ട്. ഈ മഹാമാരിയെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും’ ടെഡ്രോസ് അദാനം പറഞ്ഞു.

സ്പാനിഷ് ഫ്ളൂ 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 50 ദശലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. സ്പാനിഷ് ഫ്ളൂവിനെപ്പോലെയോ അതിലേറെയോ കോവിഡ് മാരകമാകാനുള്ള സാധ്യതയുണ്ടെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡിനെതിരെ പോര്‍മുഖം തുറക്കുന്നതില്‍ ദേശീയ, ആഗോള ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും ടെഡ്രോസ് അദാനം ഊന്നിപ്പറഞ്ഞു. ലോകത്ത് 23,120,216 പേര്‍ക്കാണ് ഇത് വരെ കോവിഡ് ബാധിച്ചത്. 803,201 പേര്‍ മരണമടഞ്ഞു.

follow us pathramonline

pathram:
Leave a Comment