അര്‍ജുന പുരസ്‌കാരം ലഭിക്കാനായി ഇനി ഏത് മെഡില്‍ നേടണം? മോദിയ്ക്ക് സാക്ഷിയുടെ കത്ത്

ന്യൂഡല്‍ഹി: അര്‍ജുന പുരസ്‌കാരത്തിനുള്ള പട്ടികയില്‍നിന്ന് കേന്ദ്ര കായിക മന്ത്രാലയം തഴഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി കിരണ്‍ റിജിജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. അര്‍ജുന പുരസ്‌കാരം നേടാന്‍ താന്‍ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടതെന്ന് ചോദ്യമുയര്‍ത്തിയാണ് സാക്ഷിയുടെ കത്ത്. 2017ലെ കോണ്‍വെല്‍ത്ത് ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും അതേ വര്‍ഷം നടന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ താരമാണ് സാക്ഷി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടി. രാജ്യത്തെ ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരമാണ് സാക്ഷി.

മുന്‍പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ സാഹചര്യത്തിലാണ് സാക്ഷിക്കും ഭാരോദ്വഹനത്തില്‍ ലോക ചാംപ്യനായ മീരാബായ് ചാനുവിനും ഇത്തവണ അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം നേടിയവരെ അര്‍ജുന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാട്ടിയിരുന്നു. 2016ലാണ് സാക്ഷി മാലിക്കിന് ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചത്. മീരാബായ് ചാനുവിന് 2018ലും. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കും ഇത്തവണ അര്‍ജുന പുരസ്‌കാരം നിഷേധിച്ചത്.

ഈ വര്‍ഷം അര്‍ജുന അവാര്‍ഡിനായി 12 അംഗ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത 29 പേരില്‍ ഇവരുടെ പേരുകള്‍ മാത്രമാണ് കായിക മന്ത്രാലയം വെട്ടിയത്. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ദീപ്തി ശര്‍മ, അത്ലീറ്റ് ദ്യുതി ചന്ദ് തുടങ്ങിയവര്‍ അര്‍ജുന പുരസ്‌കാരം നേടിയവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച സാക്ഷി മാലിക്ക്, രണ്ടു ചോദ്യങ്ങളുയര്‍ത്തിയാണ് പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചത്. നേടാവുന്ന പരമാവധി മെഡലുകളും പുരസ്‌കാരങ്ങളും സ്വപ്നം കണ്ടാണ് ഏതൊരു കായികതാരവും മുന്നോട്ടു പോകുന്നതെന്ന് 27കാരിയായ സാക്ഷി കത്തില്‍ ചൂണ്ടിക്കാട്ടി. ഇനി അര്‍ജുന പുരസ്‌കാരം കൂടി ലഭിക്കാന്‍ താന്‍ ഏതു മെഡലാണ് ഇന്ത്യയ്ക്കായി നേടേണ്ടതെന്നാണ് ഇരുവരോടുമുള്ള സാക്ഷിയുടെ ആദ്യ ചോദ്യം. തന്റെ ഗുസ്തി കരിയറില്‍ ഇനി അര്‍ജുന പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടോ എന്നാണ് രണ്ടാമത്തെ ചോദ്യം.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, കായികമന്ത്രി കിരണ്‍ റിജിജു ജീ, എനിക്ക് ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷവവും അഭിമാനവുമുണ്ട്. സാധ്യമായ എല്ലാ പുരസ്‌കാരങ്ങളും സ്വപ്നം കണ്ടാണ് കായിക താരങ്ങള്‍ മുന്നോട്ടു പോകുന്നത്. അതിനുവേണ്ടിയാണ് തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ പേരില്‍ അര്‍ജുന പുരസ്‌കാര പട്ടികയില്‍ കാണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഈ പുരസ്‌കാരത്തിനായി ഏതു മെഡലാണ് ഞാന്‍ ഇന്ത്യയ്ക്കായി ഇനി നേടേണ്ടത്? അതോ, ഈ ജീവിതത്തില്‍ ഇനി അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ എനിക്ക് ഭാഗ്യമില്ല എന്നുണ്ടോ?’ കത്തില്‍ സാക്ഷി ചോദിച്ചു.

pathram:
Leave a Comment