കോവിഡിന് നമുക്കൊരു വാക്‌സീന്‍ കണ്ടെത്താനായില്ലെങ്കില്‍ ? സംഭവിക്കുന്നത്

കോവിഡിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സീനായി കിണഞ്ഞു പരിശ്രമിക്കുകയാണ് ലോകം. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ വാക്‌സീനിലാണെന്ന് തോന്നിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍. എന്നാല്‍ എല്ലാ പ്രതീക്ഷയും വാക്‌സീനില്‍ കേന്ദ്രീകരിച്ച് ഒടുവില്‍ ഫലപ്രദമായ വാക്‌സീന്‍ ശാസ്ത്രലോകത്തിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

എത്ര തന്നെ മികച്ചതാക്കാന്‍ ശ്രമിച്ചാലും ആറിലൊരാളുടെ ശരീരം പ്രതിരോധ മരുന്നിനെ നിഷേധിക്കാമെന്ന് അടുത്തിടെ യുകെയില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. വാക്‌സീന്‍ വഴിയുള്ള സാമൂഹിക പ്രതിരോധം ഒരു വേള സാധ്യമായില്ലെങ്കില്‍ കൂടി ലോകത്തിന് സാധാരണ നിലയിലേക്ക് മടങ്ങാന്‍ മറ്റ് സാധ്യതകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പല നഗരങ്ങളും പല സമയത്താണ് കോവിഡ് മൂർധന്യാവസ്ഥയില്‍ എത്തിയിട്ടുള്ളത്. വാക്‌സീന്‍ കൊണ്ട് പൂര്‍ണമായും മഹാമാരിയെ തുടച്ച് നീക്കാനായില്ലെങ്കിലും കോവിഡ് പ്രാദേശികാടിസ്ഥാനത്തില്‍ പടരുന്ന ഒരു പകര്‍ച്ചവ്യാധിയെന്ന നിലയിലേക്ക് ഭാവിയില്‍ മാറാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ചവര്‍ക്ക് വീണ്ടും അത് വരാതിരിക്കാന്‍ ഈ സമയത്ത് മുന്‍ഗണന നല്‍കണം. കോവിഡ് ബാധിതരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനും സമ്പര്‍ക്കാന്വേഷണം നടത്തി ക്വാറന്റീന്‍ ഏര്‍പ്പെടുത്താനും സുരക്ഷിത അകലം പാലിക്കാനും ഈ ഘട്ടത്തിലും പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രമിക്കണം.

വാക്‌സീന്‍ ലഭ്യമായില്ലെങ്കില്‍ കോവിഡ് ബാധിതരെ രോഗതീവ്രതയില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുന്ന ചികിത്സാ സംവിധാനങ്ങളില്‍ ആരോഗ്യ രംഗം ശ്രദ്ധ ചെലുത്തണം. കോവിഡ് തീവ്രത കുറയ്ക്കാന്‍ സാധിക്കുന്ന, നിലവില്‍ ഉപയോഗത്തിലുള്ള പല മരുന്നുകളും ശാസ്ത്രലോകം ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്‌സീനെ അപേക്ഷിച്ച് ഈ മരുന്നുകളൊക്കെ എളുപ്പത്തില്‍ നിര്‍മിക്കാവുന്നതും ലഭ്യത ഉറപ്പാക്കാവുന്നതുമാണ്. ഇത്തരത്തില്‍ വാക്‌സീന്റെ അഭാവത്തില്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ കോവിഡിനെ പ്രതിരോധിച്ച് ജീവിക്കാന്‍ ലോകം പഠിക്കേണ്ടി വരും.

pathram desk 1:
Related Post
Leave a Comment