അതിര്‍ത്തിയില്‍ ചൈന 2000 സൈനികരെ കൂടി വിന്യാസിച്ചു; വീണ്ടും ചൈനീസ് പ്രകോപനം

ഡെറാഡൂണ്‍: അതിര്‍ത്തിയില്‍ ലിപുലേഖിനു സമീപം ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ഇന്ത്യ, നേപ്പാള്‍, രാജ്യങ്ങളുടെ അതിര്‍ത്തി സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിന്റെ ഭാഗമായ കാലാപാനി താഴ്വരയിലെ ലിപുലേഖ്. കാലാപാനി ഉള്‍പ്പെടുന്ന ഈ പ്രദേശം നേപ്പാള്‍ അടുത്തിടെ അവരുടെ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു.

2000ല്‍പ്പരം അംഗങ്ങളുള്ള 150 ലൈറ്റ് കമ്പൈന്‍ഡ് ആംസ് ബ്രിഗേഡിനെയാണ് ചൈന വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. ടിബറ്റില്‍നിന്ന് രണ്ടാഴ്ച മുന്‍പാണ് ലിപുലേഖ് മുക്കവലയിലേക്ക് ചൈന സേനയെ നീക്കിയത്. അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ ചൈനീസ് സേന തമ്പടിച്ചത് ഇന്ത്യ അന്നുതന്നെ അറിഞ്ഞിരുന്നു.

ജൂലൈയിലും 1000ല്‍പരം സേനാംഗങ്ങളെ ചൈന ഇവിടെ വിന്യസിച്ചിരുന്നു. അവിടെ ഒരു സ്ഥിര പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. യഥാര്‍ഥ നിയന്ത്രണരേഖയിലെ തല്‍സ്ഥിതി ചൈന സ്ഥിരമായി മാറ്റുകയാണ്. നിലവില്‍ പടിഞ്ഞാറ് ലഡാക്കിലും മധ്യത്തില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലും കിഴക്ക് സിക്കിം. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലും സായുധസേനയെ ചൈന വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ പുതിയ നീക്കത്തോടെ അതിര്‍ത്തിയിലെ സംഘര്‍ഷം ഉടനൊന്നും അയയില്ലെന്ന സൂചനയാണ് നല്‍കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലിപുലേഖിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. ഈ റോഡ് വന്നതോടുകൂടി കൈലാസ് മാനസരോവര്‍ തീര്‍ഥാടനത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനാകും.

pathram:
Related Post
Leave a Comment