ബലാത്സംഗത്തിനിരയായ ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: ബലാത്സംഗത്തിനിരയായ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഹരിയാണയിലെ ഹിസാറിലാണ് ദാരുണമായ സംഭവം. കൂലിപ്പണിക്കാരനായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഭാര്യ ബലാത്സംഗത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മരണമല്ലാതെ തങ്ങൾക്ക് മറ്റുവഴികളില്ലെന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ഓഗസ്റ്റ് 15-ാം തീയതിയാണ് ഭാര്യയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതെന്നും അന്നേദിവസം താൻ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നതെന്നും കുറിപ്പിൽ പറയുന്നു.

ബലാത്സംഗത്തിനിരയായെന്ന് ഭാര്യ കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. അവളെ കൊല്ലണമെന്ന് അവൾ തന്നെ ആവശ്യപ്പെട്ടു. എന്നാൽ അവളെ കൊന്നാൽ പ്രതിയാകുമെന്ന് താൻ പറഞ്ഞു. അതോടെയാണ് ഭാര്യയെ കൊന്ന് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും അവൾ ഗർഭം ധരിച്ചിരിക്കുന്ന തങ്ങളുടെ കുഞ്ഞിനെയും കൊലപ്പെടുത്തുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ യുവതിയുടെ സഹോദരനാണ് കുറിപ്പ് കണ്ടെടുത്തത്. തുടർന്ന് സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും കുറിപ്പിൽ സൂചിപ്പിച്ചിരുന്ന രണ്ടുപേരെ പിടികൂടുകയുമായിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയതായി പോലീസ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment