ഓർഡർ ചെയ്തത് പവർ ബാങ്ക്; കിട്ടിയത് വില കൂടിയ ഫോൺ; ഫ്രീയായി എടുത്തോളാൻ ആമസോൺ

ഓണ്‍ലൈന്‍ വൈബ് സൈറ്റുകളിലൂടെ സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് സോപ്പും കരിങ്കല്ലുമൊക്കെ ലഭിച്ച നിരവധി വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് ലഭിച്ചത് ഒരു മൊബൈല്‍ ഫോണാണ്. ഫോണ്‍ തിരികെ നല്‍കുന്നതിന് ആമസോണിനെ ബന്ധപ്പെട്ടെങ്കിലും നാഷിദിന്റെ സത്യസന്ധത മാനിച്ച് ഫോണ്‍ തിരിച്ചുനല്‍കേണ്ടതില്ല എന്നായിരുന്നു ആമസോണിന്റെ മറുപടി.

നാഷിദ് ചോദിച്ചത് ഒരു പൂവാണെങ്കില്‍ ആമസോണ്‍ നല്‍കിയത് പൂക്കാലമാണെന്ന് പറയാം. ആയിരത്തി നാന്നൂറ് രൂപയുടെ പവര്‍ ബാങ്കാണ് നാഷിദ് ബുക്ക് ചെയ്തത്. പക്ഷേ ലഭിച്ചത് എണ്ണായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചാണ്. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്നം നേരിട്ടതോടെ പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചു. ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ പാഴ്സലെത്തി. തുറന്ന് പരിശോധിച്ചപ്പോള്‍ നാഷിദും ഞെട്ടി.

ഈ മാസം 10നാണ് ഓർഡർ അയച്ചത്. 15 ന് പാർസൽ കയ്യിലെത്തി. പവർ ബാങ്കിന് പകരം ഫോൺ ലഭിച്ച കാര്യം നാഷിദ് ആമസോൺ അധികൃതർ അറിയിച്ചപ്പോൾ തെറ്റുപറ്റിയതിലുള്ള ക്ഷമാപണമാണ് ആദ്യം വന്നത്. ഫോൺ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോൾ സത്യസന്ധതയ്ക്കുള്ള സമ്മാനമായി ഫോൺ എടുത്തുകൊള്ളാനായിരുന്നു മറുപടി. സ്വാതന്ത്രദിനത്തിൽ അപ്രതീക്ഷിതമായി സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് നാഷിദ്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം സഹോദരിക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കാനാണ് നാഷിദിന്റെ തീരുമാനം. നാഷിദിന്റെ സത്യസന്ധതയ്ക്ക് ആമസോണും അഭിനന്ദനമറിയിച്ചു.

pathram desk 1:
Related Post
Leave a Comment