ചൈനീസ് കമ്പനിയെ ‘ഓടിച്ച്’ പകരം വന്ന ഡ്രീം ഇലവനും ചൈനീസ് ബന്ധം?

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്ക് ടൈറ്റിൽ സ്പോൺസറായി എത്തിയിരിക്കുന്ന ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവന് ചൈനീസ് ബന്ധമെന്ന് ആരോപണം. ഐപിഎൽ 2020ന്റെ ടൈറ്റിൽ സ്പോണ്‍സറായി ഡ്രീം ഇലവനെ തിരഞ്ഞെടുത്ത കാര്യം ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പരസ്യമാക്കിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് ബന്ധം ആരോപിച്ച് പുതിയ വിവാദം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൂർവ സ്ഥിതിയിൽ എത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ പദ്ധതിക്ക് വിരുദ്ധമാണ് കരാർ എന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യ വർമയാണ് ആരോപിച്ചത്.

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് മൊബൈൽ നിർമാതാക്കളായ ‘വിവോ’ ഈ വർഷത്തെ സ്പോൺസർഷിപ്പിൽനിന്ന് പിന്മാറിയതോടെയാണ് ബിസിസിഐയ്ക്ക് പുതിയ സ്പോൺസറെ തേടേണ്ടി വന്നത്. വിവോ സ്പോൺസർമാരായി തുടരുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു. തുടർന്നാണ് ഈ വർഷത്തെ ഐപിഎല്ലിൽനിന്ന് അവർ പിൻമാറിയത്. എന്നാൽ, ചൈനീസ് കമ്പനിയായ ‘വിവോ’യ്ക്കു പകരമെത്തിച്ച ഡ്രീം ഇലവനും ചൈനീസ് ബന്ധമുണ്ടെന്നാണ് ആരോപണം.

‘ഇന്ത്യൻ കായിക രംഗത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ വർഷത്തെ ഐപിഎൽ യുഎഇയിൽ ഏറ്റവും നല്ല രീതിയിൽ നടന്നുകാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറായി ചൈനീസ് കമ്പനിയായ ഡ്രീം ഇലവൻ എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിർഭർ ഭാരത് അഭിയാൻ’ പദ്ധതിയെ ചെറിയ തോതിൽ പിന്നോട്ടടിക്കും. ഒരു ഐപിഎൽ ടീമിലും ഇതേ കമ്പനിക്ക് വലിയ നിക്ഷേപമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്’ – ആദിത്യ വർമ ചൂണ്ടിക്കാട്ടി.

ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്സ് ഡ്രീം ഇലവനിൽ പണം നിക്ഷേപിച്ചതായി 2018ൽ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ആദിത്യ വർമയുടെ ആരോപണത്തോട് ബിസിസിഐ പ്രതികരിച്ചിട്ടില്ല. പുതിയ സ്പോൺസറെ കണ്ടെത്തിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിസിഐയ്ക്ക് വിവോയുടെ പിന്മാറ്റം സൃഷ്ടിച്ച സാമ്പത്തിക നഷ്ടം നികത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിവർഷം 440 കോടി രൂപയുടേതായിരുന്നു വിവോയുമായുള്ള കരാർ! ഇതിന്റെ പകുതിയോളം തുകയ്ക്കാണ് (222 കോടി) ഡ്രീം ഇലവൻ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്.

pathram desk 1:
Leave a Comment