കെഎസ്ആർടിസി ഓണം സ്പെഷൽ സർവീസ് ബുക്കിങ്: ആദ്യദിനം തണുപ്പൻ പ്രതികരണം

കോഴിക്കോട്: കെഎസ്ആർടിസി സംസ്ഥാനത്തുനിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും ഓണം സ്‌പെഷൽ സർവീസുകൾക്ക് ബുക്കിങ് തുടങ്ങി. അഞ്ചു മാസത്തിനു ശേഷമാണ് കെഎസ്ആർടിസി ഇതര സംസ്ഥാന സർവീസുകൾ തുടങ്ങുന്നത്. കോവിഡ് വ്യാപനഭീഷണിയെത്തുടർന്ന് മാർച്ച് 24നാണ് സർവീസുകൾ നിർത്തിവച്ചത്.

മുൻവർഷങ്ങളിൽ ഓണക്കാലത്ത് നാട്ടിലേക്കുള്ള പ്രത്യേക സർവീസുകളിൽപ്പോലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായിരുന്നു. എന്നാൽ കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ബുക്കിങ് തുടങ്ങിയ ആദ്യദിനം തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ടു വരെ കോഴിക്കോട്ടേക്ക് ഓഗസ്റ്റ് 27ന് 3 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 28ന് അഞ്ചു പേരും 29ന് ഒരാളുമാണ് ബുക്ക് ചെയ്തത്. ഉത്രാട ദിവസമായ 30ന് ഒരു സീറ്റ് മാത്രമാണ് ഞായറാഴ്ച വൈകിട്ടു വരെ ബുക്ക് ചെയ്തിട്ടുള്ളത്. രാത്രി 11.46ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാവിലെ 9.11ന് കോഴിക്കോട്ടെത്തുന്ന തരത്തിലാണ് സൂപ്പർ ഡീലക്സ് എയർബസിന്റെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ബസിൽ 27ന് ഒരാളും 28നും 29നും രണ്ടു പേർ വീതവുമാണ് ഞായറാഴ്ച വൈകിട്ടു വരെ ബുക്ക് ചെയ്തത്. ഉത്രാട ദിവസത്തേക്കു മൂന്നു പേർ ബുക്ക് ചെയ്തിട്ടുണ്ട്. വൈകിട്ട് 3.30ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് രാവിലെ 8.30ന് തിരുവനന്തപുരത്തെത്തുന്ന തരത്തിലാണ് സർവീസ്. കുട്ട, മാനന്തവാടി വഴി എറണാകുളത്തേക്കുള്ള സർവീസിൽ 27, 29,30 ദിവസങ്ങളിലേക്ക് ഞായറാഴ്ച വൈകിട്ടു വരെ ഒരാൾ വീതമാണ് ബുക്ക് ചെയ്തിരിക്കുന്നത്. 28ന് മൂന്നുപേരുടെ ബുക്കിങ്ങുണ്ട്.

വീരരാജ്പേട്ട് വഴി കണ്ണൂരിലേക്കുള്ള സർവീസ് രാവിലെ 9ന് പുറപ്പെട്ട് വൈകിട്ട് 6.30ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് വഴി തൃശൂർ സർവീസ് രാത്രി എട്ടിന് പുറപ്പെട്ട് രാവിലെ ആറിനെത്തുന്ന രീതിയിലാണ് ക്രമീകരിച്ചത്. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ പേര് റജിസ്റ്റർ ചെയ്യണം. യാത്രക്കു മുമ്പ് കേരളത്തിലേക്കുള്ള യാത്ര പാസ് കരുതണം. ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കണം. യാത്രക്കു മുമ്പ് ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സർവീസുകൾ നടത്തുകയെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മതിയായ യാത്രക്കാരില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കും. കേരളം, തമിഴ്‌നാട്, കർണാടക സർക്കാരുകൾ പെട്ടെന്ന് അനുമതി നിഷേധിച്ചാൽ യാത്രക്കാർക്കു മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാരുകളുടെ എല്ലാ തരത്തിലുള്ള അനുമതിയും ലഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. 10 ശതമാനം അധിക നിരക്കുൾപ്പെടെ എൻഡ്–ടു–എൻഡ് നിരക്കുകൾ പ്രകാരമാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment