സൗഹൃദവും ജീവിതവും വാഗ്ദാനം ചെയ്ത് പീഡനവും പണം തട്ടലും ; പ്രതികളെ കുടുക്കിയത് തന്ത്രപരമായി

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസം കോഴിക്കോട് അറസ്റ്റിലായ യുവാക്കള്‍ കുരുക്കുണ്ടാക്കിയത് കൃത്യമായ ആസൂത്രണത്തോടെ. സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് പെണ്‍കുട്ടിയില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കസബ പൊലീസിന് കിട്ടിയ പരാതിയിലാണ് ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയും സുഹൃത്ത് രാഗേഷും കുടുങ്ങിയത്.

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ പഠനത്തിനായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ കൗതുകത്തിന് സമൂഹമാധ്യമങ്ങളിലേക്കും കണ്ണോടിച്ചു. അങ്ങനെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ സൗഹൃദം കൂടാന്‍ താല്‍പര്യമറിയിച്ചുള്ള പലരുടെയും സന്ദേശമെത്തി. സൗഹൃദം മാത്രമല്ല ഒരുമിച്ചുള്ള ജീവിതവും വാഗ്ദാനം ചെയ്ത ഒറ്റപ്പാലത്തുകാരന്‍ ഷറഫലിയുടെ ചൂണ്ടയില്‍ പതിനാലുകാരി കുരുങ്ങി. സന്ദേശം വിളിയിലേക്കും കൂടിക്കാഴ്ചയിലേക്കും വഴിമാറി. ഇതിനിടയില്‍ രണ്ടു തവണ ഷറഫലിയും സുഹൃത്ത് രാഗേഷും കോഴിക്കോട്ടെത്തി പെണ്‍കുട്ടിയെ കണ്ടു.

കൂട്ടുകാരിയെ കാണാനെന്നറിയിച്ച് പെണ്‍കുട്ടി പുറത്തിറങ്ങിയ ദിവസങ്ങളില്‍ യാത്ര എറണാകുളത്തേക്കും പെരിന്തല്‍മണ്ണയിലേക്കും നീണ്ടു. അരുതാത്തത് പലതുമുണ്ടായി. ആവേശം തണുത്ത മട്ടില്‍ വിളി കുറച്ച ഷറഫലിക്ക് പിന്നീട് പണവും സ്വര്‍ണവുമായിരുന്നു ആവശ്യം. മാതാവറിയാതെ പണവും കയ്യിലുണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണവും പെണ്‍കുട്ടി കൈമാറി. ഇല്ലെങ്കില്‍ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

പെണ്‍കുട്ടിയുടെ സ്വഭാവ മാറ്റവും ഒറ്റയ്ക്കിരിക്കലും ആത്മഹത്യാ പ്രവണതയുള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കാര്യം തിരക്കി. ദുരനുഭവം പറഞ്ഞതോടെ വീട്ടുകാര്‍ തകര്‍ന്നു. ഷറഫലിയോട് കാര്യം തിരക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കളോട് പൊലീസില്‍ പരാതി നല്‍കിയാല്‍ പ്രയാസപ്പെടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെ വന്നതോടെ കസബ പൊലീസില്‍ പരാതി നല്‍കി. എസ്‌ഐയും സംഘവും പട്ടാമ്പിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

pathram:
Related Post
Leave a Comment