തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം പത്ത് മിനിറ്റാക്കി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.ജില്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും ദേശീയഗാനാലാപനവും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘേഷാത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം പകരം സംസ്ഥാന സ്വാതന്ത്ര്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നല്‍കുക. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കളക്ടര്‍ക്ക് ഇന്ന് കോവിഡ് 19 പരിശോധനയില്‍ പോസിറ്റീവാണെന്ന് സ്ഥിരീകിച്ചിരുന്നു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോവും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതേസമയം, ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. താനും ഡ്രൈവറും ആന്റിജെന്‍ പരിശോധനയില്‍ കോവിഡ് 19 നെഗറ്റീവ് ആണെങ്കിലും സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
മലപ്പുറം കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
Leave a Comment