കാസര്‍കോട്: ബളാലില്‍ ആല്‍ബിന്‍ സഹോദരിയെ കൊന്നത് സ്വത്തു തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാന്‍ ലക്ഷ്യമിട്ടാണെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദ് കുമാര്‍. ആസൂത്രണം ആല്‍ബിന്‍ ഒറ്റയ്ക്കായിരുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈമാസം അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയ മരിച്ചത്. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തുനല്‍കി സഹോദരന്‍ ആല്‍ബിന്‍ ആനിനെ കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു നല്‍കിയത്. കഴിഞ്ഞ 31ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം ആല്‍ബിന്‍ ഒഴികെ മറ്റെല്ലാവരും കഴിച്ചു. തുടര്‍ന്ന് അവശനിലയിലായ ആന്‍ മരിയക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടന്‍ ചികിത്സ നല്‍കി. സ്ഥിതി ഗുരുതരമായപ്പോള്‍ 5ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആന്‍ അന്നു തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛര്‍ദിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.
പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ആന്‍ മരിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്‍ബിന്‍ അറസ്റ്റിലായത്. ആഴ്ചകള്‍ക്ക് മുന്‍പ് കറിയില്‍ വിഷം ചേര്‍ത്തു നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐസ്‌ക്രീമില്‍ കലര്‍ത്തുകയായിരുന്നു.
Leave a Comment