കോവിഡ് പടര്‍ന്നു പിടിച്ചിട്ടും മുംബൈയിലെ ചേരിയിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ ഗവേഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുംബൈയിലെ ചേരി നിവാസികളിൽ പകുതിയിലധികം പേർക്കും കോവിഡ് -19 വന്നുപോയിട്ടും ഒന്നും സംഭവിച്ചില്ല എന്നതാണത്. ആർജിത പ്രതിരോധശേഷിയാണ് ഇതിനു പിന്നിലെ രഹസ്യമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം, രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മുംബൈയിലെ ചേരിപ്രദേശത്ത് നിന്നാണ് ഗവേഷകർ അതിശയകരമായ കണ്ടെത്തൽ നടത്തിയത്. മുംബൈയിലെ ചേരികളിലെ ആളുകളിൽ നിന്ന് എടുത്ത 7,000 ത്തോളം രക്തസാംപിളുകളിൽ 57 ശതമാനം പേരിലും കൊറോണ വൈറസ് ആന്റിബോഡികൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അതായത് കൊറോണവൈറസ് വന്നുപോയെന്ന് ചുരുക്കം. വാക്സീനും മരുന്നും വരുന്നതിന് മുൻപെ അവർ കൊറോണയ്ക്കെതിരെ പ്രതിരോധം നേടിക്കഴിഞ്ഞു.
മുംബൈ അധികൃതരും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചും നടത്തിയ പഠന ഫലത്തിൽ ചിലർ ആശങ്കാകുലരായപ്പോൾ മറ്റുള്ളവർ ശുഭാപ്തി വിശ്വാസികളായിരുന്നു. സാമൂഹ്യ അകലം ഏതാണ്ട് അസാധ്യമായ മുംബൈയിലെ ചേരികൾക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിരോധശേഷി ഉണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എടുത്ത സാംപിളുകളിൽ 23.5 ശതമാനം മാത്രമാണ് ഡൽഹിയിലെ ആന്റിബോഡികൾക്ക് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. എന്നാൽ, ന്യൂയോര്‍ക്കിൽ ഇത് 14 ശതമാനം മാത്രമാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിൽ പറയുന്നു.
കൊറോണ വൈറസിൽ നിന്ന് കരകയറുന്ന വ്യക്തികൾക്കെല്ലാം പ്രതിരോധശേഷി ലഭിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. പക്ഷേ, ഇത് എത്ര ശക്തമാണെന്നോ എത്രത്തോളം നീണ്ടുനിൽക്കുമെന്നോ വ്യക്തമല്ല. ജനസംഖ്യയിൽ മതിയായ രോഗപ്രതിരോധ ശേഷി ഉണ്ടായാൽ ഒരു രോഗം പടരുന്നത് നിർത്താമെന്ന ആശയമാണ് ആർജിത പ്രതിരോധശേഷി. ഇതിലൂടെ അസുഖം ബാധിക്കാത്തവർക്ക് സംരക്ഷണം നൽകുമെന്നാണ് അറിയുന്നത്.
മുംബൈയിലെ ചേരികളിലെ പകുതിയിലധികം പേർക്കും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ, അവർക്ക് വാക്സിൻ ഇല്ലാതെ ആർജിത പ്രതിരോധശേഷി ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മുംബൈയിലെ ചേരികൾ ആർജിത പ്രതിരോധശേഷിയിൽ എത്തിയിരിക്കാമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, ചേരിയിൽ രോഗം കണ്ടെത്തിയ ഉടനെ മറ്റുള്ളവർ കൂടുതൽ ജാഗ്രത പാലിച്ചിരുന്നുവെന്നും ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡേവിഡ് ഡൗഡി പറഞ്ഞു. അതേസമയം, ആർജിത പ്രതിരോധശേഷി ലക്ഷ്യമിടുന്നില്ലെന്ന് രാജ്യത്തെ ആരോഗ്യ അധികൃതർ പറയുന്നത് ഉയർന്ന മരണസംഖ്യ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്. രോഗപ്രതിരോധത്തിലൂടെ ആർജിത പ്രതിരോധശേഷി കൈവരിക്കാനാകുമെങ്കിലും അതേകുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്നുമാണ് ആരോഗ്യ ഉദ്യോഗസ്ഥൻ രാജേഷ് ഭൂഷൺ കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ആർജിത പ്രതിരോധശേഷി പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ. രോഗം ബാധിച്ച ഓരോ വ്യക്തിയിൽ നിന്നും മൂന്ന് പേർക്ക് കൂടി രോഗം ബാധിക്കുന്നുവെന്ന് കരുതുക. ഈ മൂന്ന് പേരിൽ രണ്ടുപേർക്ക് രോഗപ്രതിരോധ ശേഷി ഉണ്ടെങ്കിൽ, വൈറസിന് ഒരു വ്യക്തിയെ മാത്രമേ രോഗിയാക്കാൻ കഴിയൂ. ഇതിനർഥം കുറച്ച് ആളുകൾക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ്. കാലക്രമേണ, രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ പോലും വൈറസ് ബാധിക്കാനുള്ള സാധ്യത കുറവായതിനാൽ സംരക്ഷിക്കപ്പെടുന്നു.
Leave a Comment