സ്ത്രീയെന്ന ആനുകൂല്യം സ്വപ്ന അര്‍ഹിക്കുന്നില്ലെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസ് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ല എന്ന് കോടതി അറിയിച്ചു.

അധികാര ഇടനാഴികളില്‍ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമാണെന്ന് കോടതി വ്യക്തമാക്കി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികള്‍ നടത്തി വന്നത്. പലര്‍ ചേര്‍ന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വര്‍ണം കടത്തുകയായിരുന്നു. രാജ്യാന്തര തലത്തില്‍ വലിയ ബന്ധമുള്ളവരാണ് പ്രതികള്‍. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രതികള്‍ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.

അതേ സമയം സംജു ഉള്‍പ്പടെ മൂന്നു പേര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ അതില്‍ വിധി വരുന്ന മുറയ്ക്ക് 17-ാം തീയതി പരിഗണിക്കാം എന്ന് കോടതി നിലപാടെടുത്തു. നേരത്തെ സ്വപ്ന ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതിയും തള്ളിയിരുന്നു. സ്വപ്നയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

pathram:
Leave a Comment