വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അപടകത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത് എത്തിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സോബിയുടെ അവകാശവാദത്തിന് വിരുദ്ധമായ ചില മൊഴികളാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്ന മറ്റുള്ളവർ സിബിഐക്ക് നൽകിയത്.
ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമാണെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് ശാസ്ത്രീയ തെളിവെടുപ്പാണ് അന്വേഷണ സംഘം നടത്തിയത്. ക്രൈംബ്രാഞ്ചിന് നൽകാത്ത പുതിയൊരു മൊഴിയും സോബി സിബിഐക്ക് നൽകിയിരുന്നു. ഇതിന്റെ ആധികാരികതയും അന്വേഷണ സംഘം പരിശോധിച്ചു. അപകടം നടന്ന സ്ഥലത്തിന് ഒരുകിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിന് സമീപത്തുവച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനത്തെ ഒരു സംഘം ആക്രമിച്ചുമെന്നും പിൻഭാഗത്തെ ഗ്ലാസ് ഇരുമ്പ് ദണ്ഡുപയോഗിച്ചു അടിച്ചു തകർക്കുന്നത് താൻ കണ്ടെന്നും സോബി സിബിഐ സംഘത്തിന് മൊഴി നൽകി. ഇതിന് ശേഷം കൃത്രിമമായി അപകടം സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് സോബിയുടെ മൊഴി. ബാലഭാസ്‌കറിന്റേത് ആസൂത്രിത കൊലപാതകമാണെന്നും സോബി ആവർത്തിച്ചു.
എന്നാൽ സോബിയുടെ മൊഴിക്ക് വിരുദ്ധമായാണ് അപകടവേളയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന പലരും സിബിഐയോട് കാര്യങ്ങൾ വിശദീകരിച്ചത്. വാഹനത്തിന്റെ ഗ്ലാസുകൾ തകർന്നിരുന്നില്ലെന്നും രക്ഷാപ്രവർത്തന വേളയിൽ തങ്ങളാണ് ഗ്ലാസുകൾ തകർത്തതെന്നുമാണ് ഇവരുടെ മൊഴി.
ആറ്റിങ്ങൽ മുതൽ ബാലഭാസ്‌കറിന്റെ വാഹനത്തിന് പിന്നാലെ വന്ന കെഎസ്ആർടിസി ഡ്രൈവർ, സാധാരണ അപകടമാണ് നടന്നതെന്ന മുൻ വാദം സിബിഐക്ക് മുന്നിലും ആവർത്തിച്ചു. അപകടം നടന്ന സ്ഥലത്തും സമീപപ്രദേശങ്ങളിലുമായി അഞ്ചുമണിക്കൂറോളമാണ് സിബിഐ സംഘം തെളിവെടുപ്പ് നടത്തിയത്.
Leave a Comment