വാരണാസി: കോവിഡ് ബാധിച്ച് മരിച്ച അഡീഷനൽ ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. ജങ് ബഹാദൂറിന്റെ കുടുംബത്തിന് ആശുപത്രി അധികൃതർ നൽകിയത് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാളുടെ മൃതദേഹം. ചൊവ്വാഴ്ച രാത്രിയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രിയിയിൽ ബഹാദൂർ മരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പൊതിഞ്ഞ മൃതദേഹം ബുധനാഴ്ച കുടുംബത്തിന് കൈമാറി. അന്നേ ദിവസം തന്നെ ഗാസിപുർ സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ബഹാദൂറിന്റെ കുടുംബം മൃതദേഹം ഹരിചന്ദ്രഘട്ടത്തിൽ സംസ്‌കരിക്കാനായി കൊണ്ടുപോകുകയും ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. ചിത കത്തി തുടങ്ങിയപ്പോൾ, ഗാസിപുരിൽ മരിച്ച കോവിഡ് രോഗിയുടെ കുടുംബം സ്ഥലത്തെത്തി മൃതദേഹം മാറിയ വിവരം അറിയിച്ചു. ഒടുവിൽ ഭാഗികമായി കത്തിയ മൃതദേഹം പരിശോധിച്ചപ്പോൾ ബഹാദൂറിന്റേതല്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീട്, ഗാസിപുർ സ്വദേശിയുടെ ശവസംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ കുടുംബം ഹരിചന്ദ്രഘട്ടത്തിൽ പൂർത്തിയാക്കുകയും, ബഹാദൂറിന്റെ മൃതദേഹം വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു.
ഗാസിപുരിൽ നിന്നുള്ള കോവിഡ് രോഗിയുടെ മൃതദേഹം ബഹാദൂറിന്റെ മൃതദേഹത്തിനൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്, രണ്ടു മൃതദേഹങ്ങളും പൊതിഞ്ഞതിനിടെ മാറിപ്പോയതെന്നാണ് അധികൃതരുടെ വിശദീകരണം.
Leave a Comment