ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിക്കുന്നു

മൂന്നാർ: ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ എത്തി. ഹെലികോപ്റ്ററില്‍ രാജമലയില്‍ എത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും റോഡ് മാര്‍ഗ്ഗം പെട്ടിമുടിയിലേക്ക് പോകും. റവന്യൂ മന്ത്രിയും വൈദ്യുതി മന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ഒരു വലിയ സംഘം ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.

ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരോടൊപ്പം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ജനപ്രതിനികളും, ഡി ജി പി ലോകനാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐജി യോഗേഷ് അഗർവാൾ , ജില്ലാ കലക്ടർ എച്ച് ദിനേശൻ, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. രാവിലെ 9 മണിയോടെ ആനച്ചാലിലെ സ്വകാര്യ ഹെലിപാഡില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വൈദ്യുതി മന്ത്രി എം എം മണിയും കെ കെ ജയചന്ദ്രൻ എം എൽ എ യും ഉദ്യേഗസ്ഥരും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

റോഡ് മാർഗം ഒന്നര മണിക്കൂർ യാത്ര വേണ്ടിവരും ദുരന്തഭൂമിയില്‍ എത്താന്‍. സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണും. അതിനിടയില്‍ ഇന്നും ദുരന്തഭൂമിയില്‍ ദൗത്യസംഘം ഇന്നും തിരച്ചില്‍ തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ദൗത്യസംഘം ഇന്ന് നടത്തുന്നത്. ദുരന്തമുണ്ടായി ഒരാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇവിടെ എത്തുന്നത്. നേരത്തേ മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാന്‍ എത്താത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തിയിട്ടും മുഖ്യമന്ത്രി പെട്ടിമുടിയില്‍ എത്തിയില്ല എന്നും കരിപ്പൂരില്‍ വിമാന ദുരന്തം നടന്ന സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി പെട്ടിമുടിയെ അവഗണിച്ചു എന്നുമായിരുന്നു വിമര്‍ശനം. അതുപോലെ തന്നെ വിമാനദുരന്തത്തിന് ഇരയായവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ചപ്പോള്‍ പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് അഞ്ചു ലക്ഷം പ്രഖ്യാപിച്ചതും വിമര്‍ശനത്തിന് കാരണമായിരുന്നു.

എന്നാല്‍ കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണമാണ് ഇവിടം സന്ദര്‍ശിക്കാതിരുന്നത് എന്നാണ് ഇതിന് പറഞ്ഞ ന്യായീകരണം. ഇപ്പോള്‍ സംഭവ സ്ഥലത്ത് വിഐപി എത്തുന്നത് രക്ഷാ – തെരച്ചില്‍ ദൗത്യങ്ങളെ ബാധിക്കുമെന്നും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കുമെന്നും പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കും എന്നുമാണ് വിവരം. 12 മണിക്ക് ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment