നെല്ലിക്കയ്ക്ക് മധുരം വന്നില്ല; ഇനി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുക പോലീസല്ല; മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റം വരുത്തി

കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം പോലീസില്‍നിന്നു മാറ്റി. ഇതു സംബന്ധിച്ചു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക്‌ ഇന്നലെ രാത്രി ഉത്തരവിറക്കി. ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും ഇക്കാര്യത്തില്‍ പൂര്‍ണ അധികാരമെന്ന്‌ ഉത്തരവില്‍ പറയുന്നു.

ഡോ. ജയതിലകിന്റെ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ട്‌ പ്രകാരം സംസ്‌ഥാന അതോറിറ്റിയായിരിക്കും കെണ്ടയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കുക. ഇത്തരം മേഖലകളിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന ചുമതലമാത്രമാണ്‌ പോലീസിനുള്ളത്‌. കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ ജനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കണം.

ഈ ഉത്തരവു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവുണ്ടോയെന്ന കാര്യം വരുംദിവസങ്ങളില്‍മാത്രമേ വ്യക്‌തമാകൂ. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ കടുത്ത എതിര്‍പ്പാണ്‌ പുതിയ തീരുമാനത്തിനു പിന്നലെന്നാണ്‌ സൂചന. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല പോലീസിനെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞയാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ കെണ്ടയ്‌ന്‍മെന്റ്‌ സോണുകള്‍ അടയാളപ്പെടുത്തി നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോലീസിനു പൂര്‍ണ അധികാരം നല്‍കി.

പൊതുസ്‌ഥലങ്ങളില്‍ ആളുകള്‍ നിശ്‌ചിത അകലം പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുക, ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുങ്ങിയാല്‍ കണ്ടെത്തുക എന്നത്‌ ഉള്‍പ്പെടെ നിരവധി ചുമതലകളും പോലീസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനത്തിനെതിരേ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരും റവന്യു ഉദ്യോഗസ്‌ഥരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ചീഫ്‌ സെക്രട്ടറിയോടു ജില്ലാ കലക്‌ടര്‍മാര്‍ പരാതിപ്പെടുകയും ചെയ്‌തു. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള പോലീസ്‌ ഇടപെടല്‍ നെല്ലിക്ക പോലെയാണെന്നും “ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും” എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സംസ്‌ഥാന കോവിഡ്‌ പ്രോട്ടോകോള്‍ ഓഫീസറായി എറണാകുളം ഐ.ജി: വിജയ്‌ സാക്കറെ നിയമിക്കുകയും ചെയ്‌തിരുന്നു.

pathram:
Leave a Comment